INDIA

പെന്‍ഷന്‍കാര്‍ക്ക് വീട്ടുപടിക്കല്‍ സേവനവുമായി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക്


20.Nov.2026
ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ക്യാമ്പയിന്‍ 5.0
 
തിരുവനന്തപുരം :

പെന്‍ഷന്‍ ആന്‍ഡ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ വകുപ്പ് (DoPPW) സംഘടിപ്പിക്കുന്ന രാജ്യവ്യാപകമായ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (DLC) ക്യാമ്പയ്ന്‍ 5.0-ല്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കും (IPPB) പങ്കാളികളാകുന്നു. 

2026 നവംബര്‍ 1 മുതല്‍ നവംബര്‍ 30 വരെ രാജ്യത്തുടനീളമുള്ള 2000 ജില്ലകളിലും സബ് ജില്ലകളിലുമായാണ് ഈ ക്യാമ്പയ്ന്‍ നടപ്പിലാക്കുന്നത്. വിദൂര പ്രദേശങ്ങളില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെയുള്ള എല്ലാ പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ലഭിക്കുന്ന തരത്തില്‍ ഫേസ് ഓതന്റിക്കേഷന്‍ , ഫിംഗര്‍പ്രിന്റ് ബയോമെട്രിക് ഓതന്റിക്കേഷന്‍ തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനും, മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ വീടുകളിലോ അടുത്തുള്ള പോസ്റ്റ് ഓഫീസുകളിലോ നിന്ന് തന്നെ ഈ സേവനം ലഭ്യമാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന എല്ലാ പെന്‍ഷന്‍കാര്‍ക്കും യാതൊരു ബുദ്ധിമുട്ടും കൂടാതെ തങ്ങളുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ഡിഎല്‍സി ക്യാമ്പയ്ന്‍ 5.0 സഹായിക്കുന്നു. ഇതിനായി ഇന്ത്യയിലെ ലക്ഷക്കണക്കിന് പോസ്റ്റ്മാന്‍മാരുടെയും ഗ്രാമീണ്‍ ഡാക് സേവകരുടെയും (GDS) സേവനം തപാല്‍ വകുപ്പും ഐ.പി.പി.ബി-യും (IPPB) പ്രയോജനപ്പെടുത്തുന്നുണ്ട്. പോസ്റ്റ് ഓഫീസുകള്‍ വഴിയോ, പെന്‍ഷന്‍കാരുടെ വീട്ടുപടിക്കല്‍ എത്തിച്ചോ, അല്ലെങ്കില്‍ പ്രത്യേക ഡിഎല്‍സി ക്യാമ്പുകള്‍ വഴിയോ ഈ സേവനം ലഭ്യമാക്കും.

പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍, യു.ഐ.ഡി.എ.ഐ (UIDAI) തുടങ്ങിയ വിവിധ സംഘടനകളുടെ പിന്തുണയും ഈ ക്യാമ്പയ്‌നിനുണ്ട്. പെന്‍ഷന്‍കാര്‍ക്ക് പരമ്പരാഗത രീതിയിലുള്ള പേപ്പര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനും, വളരെ എളുപ്പത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും ക്യാമ്പയ്ന്‍ സഹായിക്കും.

കേന്ദ്ര-സംസ്ഥാന സര്‍വീസുകളിലെയും ഇ.പി.എഫ്.ഒ (EPFO)-യിലെയും പെന്‍ഷന്‍കാര്‍ക്കായി 'ജീവന്‍ പ്രമാണ്‍' (Jeevan Pramaan) ലഭ്യമാക്കുന്ന വീട്ടുപടിക്കല്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സേവനം ഐ.പി.പി.ബി 2020-ല്‍ തന്നെ ആരംഭിച്ചിരുന്നു. ബയോമെട്രിക് ഓതന്റിക്കേഷന്‍ വഴിയുള്ള ഈ സേവനം പ്രായമായ പെന്‍ഷന്‍കാര്‍ക്ക് ഏറെ പ്രയോജനകരമാണ്. ഇതിലൂടെ പെന്‍ഷന്‍ വിതരണ ഏജന്‍സികളുടെ ഓഫീസുകളില്‍ നേരിട്ട് പോകേണ്ട ബുദ്ധിമുട്ട് ഒഴിവാകുന്നു.

പെന്‍ഷന്‍കാര്‍ക്ക് പോസ്റ്റ്മാന്‍/ഗ്രാമീണ്‍ ഡാക് സേവക് വഴിയോ അല്ലെങ്കില്‍ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചോ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ജി.എസ്.ടി ഉള്‍പ്പെടെ 70 രൂപയാണ് പോസ്റ്റ്മാന്‍/ഗ്രാമീണ്‍ ഡാക് സേവക് വഴി ലഭിക്കുന്ന ഈ സേവനത്തിനായി ഈടാക്കുന്ന നാമമാത്രമായ ഫീസ്. ഈ സേവനം ലഭിക്കുന്നതിനായി പെന്‍ഷന്‍കാര്‍ തങ്ങളുടെ ആധാര്‍ നമ്പറും, പെന്‍ഷന്‍ വിവരങ്ങളും ആവശ്യമായ മറ്റ് വിശദാംശങ്ങളും നല്‍കേണ്ടതാണ്. സര്‍ട്ടിഫിക്കറ്റ് ജനറേഷന്‍ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ പെന്‍ഷന്‍കാരുടെ മൊബൈല്‍ നമ്പറില്‍ സ്ഥിരീകരണ സന്ദേശം (SMS) ലഭിക്കും. അടുത്ത ദിവസം മുതല്‍ https://jeevanpramaan.gov.in/v1.0/ എന്ന വെബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി കാണാന്‍ സാധിക്കും.

Last Update: 19/11/2026
SHARE THIS PAGE!
MORE IN NEWS