വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

INDIA

മാധ്യമപ്രവര്‍ത്തനത്തിന്റെ മാനം മാറുന്നു,വ്യാജവാര്‍ത്തയ്ക്ക് പിന്നില്‍ അജണ്ട-മുഖ്യമന്ത്രി


25.Sep.2024
മാധ്യമപ്രവര്‍ത്തനത്തിന്റെ മാനം മാറുന്നു, വയനാട്ടിലെ വ്യാജവാര്‍ത്തയ്ക്ക് പിന്നില്‍ അജണ്ട - മുഖ്യമന്ത്രി 

          വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കണക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതിന് പിന്നില്‍ അജണ്ടയുണ്ടെന്നും അത് നാടിനും ജനങ്ങള്‍ക്കുമെതിരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അനര്‍ഹമായ കേന്ദ്ര സഹായം തട്ടിയെടുക്കാന്‍ സംസ്ഥാനം ശ്രമിക്കുന്നു എന്ന വ്യാജകഥ  വലിയൊരു വിഭാഗം ജനങ്ങളുടെ മനസിലേക്ക് കടന്നു കയറി. കേരളീയരും ഇവിടത്തെ സര്‍ക്കാരും ജനങ്ങളും ലോകത്തിനു മുന്നില്‍ അവഹേളിക്കപ്പെട്ടു. രാജ്യവും ലോകമാകെയും പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള രക്ഷാ പ്രവര്‍ത്തനമാണ് വയനാട്ടില്‍ നാം നടത്തിയതന്നെും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

          നാല് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭ ഉപസമിതി തുടക്കം മുതല്‍ ദുരന്ത മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. ഒരു മന്ത്രി മുഴുവന്‍ സമയവും അമ്പതാം ദിവസം വരെ അവിടെ മേല്‍നോട്ടം വഹിച്ചു. ഒരു തരത്തിലുമുള്ള ആക്ഷേപങ്ങള്‍ക്ക് ഇട നല്‍കാതെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നത്. അതിന് എല്ലാ ഭാഗത്തു നിന്നും സഹകരണവും പിന്തുണയുമുണ്ടായി. ആ പിന്തുണ തകര്‍ക്കുകയും സഹായം തടയുകയും ചെയ്യുക എന്ന അജണ്ടയാണ് ഇപ്പോള്‍ പുറത്തുവന്ന വ്യാജ വാര്‍ത്തയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് കൈയയച്ച് സംഭാവന നല്‍കുന്ന സാധാരണ ജനങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക എന്ന ദുഷ്ട ലക്ഷ്യമാണ്  മറ്റൊരു വശം.

          വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും എല്ലാത്തരത്തിലുള്ള സഹായങ്ങളും സര്‍ക്കാര്‍ ചെയ്തുവരികയാണ്. ഇതിനോടകം ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതരായ 131 കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതം നല്‍കി. മരണപ്പെട്ട 173 പേരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കി. ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രിവാസം ആവശ്യമായി വന്ന 26 പേര്‍ക്ക് 17,16,000 രൂപ സഹായമായി നല്‍കി. ദുരന്തത്തില്‍ പരുക്കേറ്റ് ഒരാഴ്ചയില്‍ താഴെ മാത്രം ആശുപത്രിയില്‍ കഴിഞ്ഞ എട്ട് പേര്‍ക്കായി 4,43,200 രൂപ ചെലവഴിച്ചു. ദുരന്ത ബാധിതരായ 1013 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം നല്‍കി.  ദുരന്ത ബാധിത കുടുംബങ്ങളിലെ 1694 പേര്‍ക്ക് ഉപജീവന സഹായമായി ദിവസം 300 രൂപ വീതം നല്‍കി. 30 ദിവസത്തേക്ക് 1,52,46,000 രൂപ ഈയിനത്തില്‍ നല്‍കിയിട്ടുണ്ട്. കിടപ്പ് രോഗികളായ 33 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രത്യേക ധനസഹായമായി 2.97 ലക്ഷം രൂപ നല്‍കി. 722 കുടുംബങ്ങള്‍ക്ക് പ്രതിമാസ വാടക 6000 രൂപ  വീതം നല്‍കി വരുന്നു. 649 കുടുംബങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള ബാക്ക് റ്റു ഹോം കിറ്റുകളും നല്‍കി. ഇത് കൂടാതെ ദുരിതാശ്വാസ ക്യാമ്പിലെ 794 കുടുംബങ്ങളെ 28 ദിവസം കൊണ്ട് താല്‍ക്കാലികമായി പുനരധിവസിപ്പിച്ചു.

          ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ സര്‍ക്കാര്‍ എല്‍ പി സ്‌കൂളും വെള്ളാര്‍മല സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും മേപ്പാടിയില്‍ താല്‍ക്കാലികമായി തുറന്നു.  ദുരന്തമേഖലയിലെ 607 വിദ്യാര്‍ത്ഥികളുടെ പഠനം പുനരാരംഭിച്ചു. ദുരന്തത്തിന്റെ അമ്പതാം ദിവസം  തേയിലത്തോട്ടങ്ങളില്‍ ജോലി പുനരാരംഭിച്ചു.

          'അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക' എന്ന് പ്രശസ്ത എഴുത്തുകാരന്‍ ജോനാഥന്‍ സ്വിഫ്റ്റ് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുന്നത് കണ്ടു. ദുരന്ത നിവാരണത്തിന് അടിയന്തര അധിക ധനസഹായം അനുവദിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം മെമ്മോറാണ്ടം സമര്‍പ്പിച്ചു. ആ മൊമ്മോറാണ്ടത്തിലെ കണക്കുകള്‍  ചെലവിന്റെ കണക്കായി  വ്യാഖ്യാനിച്ചാണ് വ്യാജ വാര്‍ത്ത ഉണ്ടാക്കിയത്.  ഏതുവിധേനയും സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യം നേടുന്ന ത്വരയില്‍ ദുരന്തത്തിന്റെ ഇരകളായ മനുഷ്യരെയാണ് ദ്രോഹിച്ചിരിക്കുന്നത്.

          കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് തയ്യാറാക്കിയ മെമ്മോറാണ്ടമാണ് കേരളം നല്‍കിയത്. അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ധൂര്‍ത്തും അഴിമതിയുമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിക്കാനാണ് വ്യാജവാര്‍ത്തക്കാര്‍ ആഗ്രഹിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മാത്രമേ മെമ്മോറാണ്ടം വഴി ധനസഹായം ചോദിക്കാന്‍ സാധിക്കൂ. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല. അതിനായി പരിശീലനം ലഭിച്ച പ്രൊഫെഷണലുകള്‍ ആണ്. 

          എസ്.ഡി.ആര്‍.എഫ് ചെലവഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളുണ്ട്. ഇത് രണ്ട് തരത്തിലാണ് ചെലവഴിക്കാനാവുക. ഒന്ന് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട യൂണിറ്റ് കോസ്റ്റ് വെച്ച് കൊണ്ട്. മറ്റൊന്ന് എത്രയാണോ യഥാര്‍ത്ഥചെലവ് അതിന്റെ ആക്ച്വല്‍സ് അഥവാ അത് മുഴുവനായി തന്നെ. ഒരു വീട് നഷ്ടപ്പെട്ടാല്‍ അത് എത്ര ലക്ഷങ്ങള്‍ വിലയുള്ളത് ആണെങ്കിലും പരമാവധി എസ്.ഡി.ആര്‍.എഫില്‍ നിന്ന് നല്‍കാന്‍ സാധിക്കുക 1.3 ലക്ഷം രൂപ മാത്രമാണ്. ഒരു കിലോമീറ്റര്‍ റോഡിന് ഒരു ലക്ഷം രൂപ, ഒരു സ്‌കൂളിന് രണ്ട് ലക്ഷം രൂപ തുടങ്ങിയവ ആണ് എസ്.ഡി.ആര്‍.എഫില്‍ നിശ്ചയിച്ചിരിക്കുന്നത്.  കേരളത്തില്‍ ഒരു വീടിന് ഏറ്റവും ചുരുങ്ങിയത് നാല് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നത് എസ്.ഡി.ആര്‍.എഫിനു പുറമെ ജനങ്ങള്‍ സംഭാവന നല്‍കിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൂടി ഉപയോഗിച്ചാണ്.

          മെമ്മോറാണ്ടം തയ്യാറാക്കുന്ന ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്നില്‍ ഇവയുടെ ഒന്നും ചെലവുകളുടെ യഥാര്‍ത്ഥ ബില്ലുകള്‍ ലഭ്യമായിട്ടില്ല. നടക്കുന്ന രക്ഷാപ്രവര്‍ത്തനവും അത് എത്ര നാള്‍ തുടരാന്‍ സാധ്യതയുണ്ട് എന്നതിന്റെയും അടിസ്ഥാനത്തില്‍ ഒരു പ്രോജെക്ടഡ് തുക തയ്യാറാക്കി സമര്‍പ്പിക്കാനാണ് സാധിക്കുക. മേപ്പാടിയിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്  കേന്ദ്ര സേനകള്‍ക്ക് ഉണ്ടായ ചെലവുകള്‍, അവരുപയോഗിച്ച അത്യാധുനിക ഉപകരണങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും ഉള്‍പ്പെടെയുള്ള ചെലവുകള്‍ തുടങ്ങിയവ എല്ലാം ബില്ലുകള്‍ ആയി പിന്നീടാണ് വരിക.

          മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വേണ്ട ചെലവ് കണക്കാക്കുമ്പോള്‍, അതിന് ആവശ്യമായ ഭൂമി വാങ്ങുക, ആ ഭൂമി ഇതിനായി തയ്യാറാക്കുക, അവിടെ കുഴികള്‍ എടുക്കാന്‍ ആവശ്യമായ യന്ത്രങ്ങളും സാമഗ്രികളും മനുഷ്യവിഭവവും ലഭ്യമാക്കുക, ഓട്ടോപ്‌സി നടപടികള്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിക്കുക, മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന ഘട്ടത്തില്‍ അവ മാര്‍ക്ക് ചെയ്യാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുക, ഇവ ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുക തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തി കൊണ്ട് വേണം ചെലവ് കണക്കാക്കാന്‍. വയനാട്ടില്‍ 128 പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്നുള്ള കാര്യം കൂടി മുന്‍കൂട്ടി കാണണം. അവ ശരീര ഭാഗങ്ങളായി ആണ് ലഭ്യമാകുന്നത് എങ്കില്‍ അവയെ ഓരോന്നിനെയും ഓരോ മൃതദേഹമായി തന്നെ കണ്ട് സംസ്‌കരിക്കണമെന്നതാണ് സര്‍ക്കാര്‍ സ്വീകരിച്ച നയം. അതിന് അധിക ഭൂമി ആവശ്യമെങ്കില്‍ വില കൊടുത്തു വാങ്ങേണ്ടി വരും. അതിനെല്ലാം പ്രതീക്ഷിക്കുന്ന ചെലവാണ് മെമ്മോറാണ്ടത്തില്‍ രേഖപ്പെടുത്തുക.

          വിമാനക്കൂലി മുതല്‍ കേന്ദ്രസേനയെയും ഉപകരണങ്ങളെയും കണ്ണൂരിലെയും കരിപ്പൂരിലെയും എയര്‍പോര്‍ട്ടില്‍ നിന്നും ദുരന്ത സ്ഥലത്ത് എത്തിക്കാനും തിരിച്ചയക്കാനുമുള്ള ചെലവുകള്‍,  പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ താമസവും ഭക്ഷണവും യാത്രാച്ചെലവും, സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പരിശീലനം കിട്ടിയ ആപ്ത മിത്ര സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ ഇതെല്ലാം കണക്കിലെടുക്കണം. കേരളത്തിലെ വിവിധ രാഷ്ട്രീയ യുവജന സംഘടനകള്‍ ഉള്‍പ്പടെ വിവിധ സന്നദ്ധ സംഘടനകള്‍ നിസ്വാര്‍ത്ഥമായ സേവനം ദുരന്ത ബാധിത പ്രദേശത്ത് ചെയ്തിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇങ്ങനെ എല്ലാം ജനങ്ങള്‍ ചെയ്തുകൊള്ളും എന്ന്  കേന്ദ്രത്തോട് പറയാനാകില്ല. ഇതെല്ലാം പരിഗണിച്ചു വേണം മെമ്മോറാണ്ടത്തിലെ ഓരോ വരിയും തയ്യാറാക്കാന്‍. നിര്‍ഭാഗ്യവശാല്‍ ഇതിനെ കുറിച്ചു അജ്ഞരായവരോ അങ്ങനെ നടിക്കുന്നവരോ ആയി ഇവിടുത്തെ ഒരു കൂട്ടം മാധ്യമങ്ങള്‍ മാറി എന്നതാണ് വസ്തുത. മാധ്യമപ്രവര്‍ത്തനത്തിന്റെ മാനം മാറുന്നു എന്നാണ് പുതിയ സംഭംവങ്ങളില്‍ നിന്ന് മനസിലാക്കേണ്ടത്.

          ജനങ്ങള്‍ക്ക് വലിയ തോതില്‍ ഉപകാരപ്രദമാകുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ തകര്‍ക്കാനും ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.  സുതാര്യവും സുഗമവും ആയി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അത് ഇല്ലാതായാല്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ചികിത്സാ സഹായം ഇല്ലാതാകും. രോഗബാധിതരുടെ ചികിത്സയ്ക്ക് തടസമുണ്ടാകും. ഈ ദുരവസ്ഥ നമ്മുടെ നാടിനുണ്ടാകരുത്.  കേരളത്തിന് അര്‍ഹമായ സഹായം എത്രയും വേഗം ലഭ്യമാക്കാനുള്ള ഇടപെടലാണ് നാടിനെയും ജനങ്ങളെയും സ്‌നേഹിക്കുന്ന എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുക. മാധ്യമങ്ങള്‍ ആ ഉത്തരവാദിത്തം നിറവേറ്റാന്‍  തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Last Update: 25/09/2024
SHARE THIS PAGE!
MORE IN NEWS