Mobirise Website Builder v4.8.10

INDIA

കോണ്‍ഗ്രസ് നിലപാടുമാറ്റം : അടിവരയിടുന്നത് ശക്തമായ ഇടതുപക്ഷത്തിന്റെ അനിവാര്യത


15.Jan.2024
കോണ്‍ഗ്രസ് നിലപാടുമാറ്റം: അടിവരയിടുന്നത് ശക്തമായ ഇടതുപക്ഷത്തിന്റെ അനിവാര്യത

തിരുവനന്തപുരം : മതനിരപേക്ഷതയും ജനകീയ താല്‍പ്പര്യവും സംരക്ഷിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ  ശക്തമായ സാന്നിധ്യം അനിവാര്യമാണെന്ന്, അയോധ്യ ക്ഷേത്ര ഉദ്ഘാടനം സംബന്ധിച്ച കോണ്‍ഗ്രസ് നിലപാട് മാറ്റം വ്യക്തമാക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. 

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇത് തെളിഞ്ഞിരുന്നു.  അന്ന് ജനകീയതാല്‍പ്പര്യം സംരക്ഷിക്കുംവിധം ഇടതുപക്ഷം ഇടപെട്ടു. അത് യുപിഎയുടെ തിരിച്ചുവരവിന് വഴിയൊരുക്കി. എന്നാല്‍, ഇടതുപക്ഷ പിന്തുണയില്ലാത്ത രണ്ടാം യുപിഎ സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ  നയങ്ങള്‍ നടപ്പാക്കി. അതാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. 

  രാമക്ഷേത്ര ഉദ്ഘാടനത്തിലെ കോണ്‍ഗ്രസ് നിലപാടു മാറ്റത്തിന് പിന്നില്‍ ഇടതുപക്ഷ നിലപാടിന്റെ സ്വാധീനം വ്യക്തമാണ്.  ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ  ആദ്യപ്രതികരണങ്ങള്‍. കേരളത്തില്‍പോലും ഉറച്ച നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിനായില്ല. ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്നാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പറഞ്ഞത്. ക്ഷണിച്ചാലും ഇല്ലെങ്കിലും പോകും എന്നാണ് മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസ് തുടരുന്ന  മൃദുഹിന്ദുത്വ സമീപനമാണ് ഇത്തരത്തില്‍ വ്യത്യസ്ത അഭിപ്രായത്തിന് കാരണമായത്. 

ഇടതുപക്ഷ പാര്‍ടികള്‍ ആദ്യംമുതല്‍ കൃത്യമായ നിലപാട് സ്വീകരിച്ചു. വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കുമെന്ന നിലപാട് വച്ചുകൊണ്ടുതന്നെ, പണിപൂര്‍ത്തിയാകാത്ത രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രീയപദ്ധതിയുടെ ഭാഗമാണെന്നും വിശ്വാസത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നത് വര്‍ഗീയ നിലപാടാണെന്നും ഇടതുപക്ഷം വ്യക്തമാക്കി. ഈ  നിലപാടിലേക്ക് കോണ്‍ഗ്രസ് അവസാനം എത്തേണ്ടിവന്നു. ദേശീയരാഷ്ട്രീയത്തിലും ഇന്ത്യന്‍ പാര്‍ലമെന്റിലും ഇടതുപക്ഷത്തിന്റെ പങ്കാളിത്തം വര്‍ധിക്കേണ്ടത് അനിവാര്യമാണ് എന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും എം വി ഗോവിന്ദന്‍  പറഞ്ഞു.

Last Update: 15/01/2024
SHARE THIS PAGE!
MORE IN NEWS