സ്‌നേഹമഴയായ് ഇ.വി ശ്രീധരന്‍ ... എം എ ബേബി സിപിഐ എം ജനറല്‍ സെക്രട്ടറി ... മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ...

INDIA

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


05.Jan.2025
ഇത് കേരളത്തിന്റെ അതിജീവനത്തിന്റെ ആഘോഷവേദി: മുഖ്യമന്ത്രി
കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിച്ച വെള്ളാര്‍മല ജിഎച്ച്എസിലെ വിദ്യാര്‍ത്ഥികള്‍ ഉദ്ഘാടന വേദിയില്‍ സംഘനൃത്തം അവതരിപ്പിക്കാനെത്തിയത് അതീവ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു ദേശത്തിലെ മുഴുവന്‍ കൗമാര പ്രതീക്ഷകളും വര്‍ഷത്തിലൊരിക്കല്‍ ഒരിടത്ത് ഒത്തുകൂടി മികവു പ്രകടിപ്പിക്കുന്ന രീതി ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ എന്ന കാര്യം സംശയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു തലമുറയുടെ മുഴുവന്‍ സര്‍ഗവൈഭവവും ആശകളും പ്രതീക്ഷകളും ആശയലോകവും ആദര്‍ശലോകവുമാണ് ഇവിടങ്ങളില്‍ മാറ്റുരയ്ക്കപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങള്‍ കൂടി മത്സരയിനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാക്തന കലകളുടെയും ക്ലാസിക് കലകളുടെയും സംഗമവേദിയാവുകയാണ് ഈ കലോത്സവമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം ടി വാസുദേവാന്‍ നായരുടെ കലാസൃഷ്ടികള്‍ക്ക് വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്ന വേദിയാണ് സ്‌കൂള്‍ കലോത്സവമെന്ന് അനുസ്മരിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിച്ചു. കലോത്സവ വേദികളില്‍ മാറ്റുരച്ച നിരവധി പ്രതിഭകള്‍ കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ പിന്നീട് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആ ബൃഹത്പാരമ്പര്യം ഉള്‍ക്കൊണ്ടുവേണം ഈ കലോത്സവങ്ങളില്‍ പങ്കെടുക്കാനെന്ന് മുഖ്യമന്ത്രി മല്‍സരാര്‍ഥികളെ ഓര്‍മിപ്പിച്ചു. നമ്മുടെ നാടിന്റെ സാംസ്‌കാരിക ഉന്നമനത്തിനായി നാളെ ഈ സമൂഹത്തെ നയിക്കേണ്ടവരാണ് എന്ന ബോധ്യത്തോടെ വേണം കുട്ടികള്‍ മേളയില്‍ പങ്കെടുക്കാന്‍. ഈ കലോത്സവത്തിലെ പങ്കാളിത്തമാണ് വിജയത്തേക്കാള്‍ വലിയ നേട്ടമെന്ന തിരിച്ചറിവുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യര്‍ പൊതുവെ ഉത്സവപ്രിയരാണ്. ജീവിതദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ പോലും ജീവിതം ഒരു ഉത്സവമാക്കുന്നതിനെ കുറിച്ചുള്ള സ്വപ്നങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. അത്തരം സ്വപ്നങ്ങളാണ് വലിയ ജനകീയ വിപ്ലവങ്ങള്‍ക്കും സാമൂഹ്യവ്യവസ്ഥാ മാറ്റങ്ങള്‍ക്കും വഴിവെച്ചിട്ടുള്ളത്. ഉത്സവങ്ങള്‍ കൗമാരക്കാരുടേയും യുവജനങ്ങളുടേതുമാകുമ്പോള്‍ അതിന് കൂടുതല്‍ ഓജസ്സും ഊര്‍ജസ്വലതയും കൈവരുന്നു.
പഠനപ്രക്രിയയ്ക്കു പുറത്തുള്ള സംഗതിയാണ് കലാസാഹിത്യരംഗത്തെ പ്രവര്‍ത്തനങ്ങളെന്ന കാഴ്ചപ്പാടിന് ഇന്ന് മാറ്റം വന്നിട്ടുണ്ട്. കേവലം വൈജ്ഞാനിക വികാസം മാത്രമല്ല, മറിച്ച് കുട്ടിയുടെ കലാപരവും കായികവുമായ കഴിവുകളുടെയും വ്യക്തിത്വത്തിന്റെ തന്നെയും സര്‍വ്വതല സ്പര്‍ശിയായ വികാസമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യമായ ഘടകമാണ് കലാസാഹിത്യ പ്രവര്‍ത്തനങ്ങളും അതിന്റെ മൂര്‍ത്തീഭാവമായ ഇത്തരം മേളകളും.

ഫ്യൂഡല്‍ വ്യവസ്ഥയ്ക്കെതിരെ ആഞ്ഞടിച്ച തോപ്പില്‍ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിനെതിരെ എത്രയോ ആക്രമണങ്ങള്‍ നടന്നു. അതില്‍ മനസ്സുമടുത്ത് കലാപ്രവര്‍ത്തനം നിര്‍ത്തിയില്ല ആ കലാകാരന്മാര്‍. പ്രതികൂല സാഹചര്യങ്ങളെ മനസ്സു തളരാതെ അതിജീവിക്കാന്‍ വേണ്ട മനോബലം കൂടി കലാരംഗത്തേക്കു കടക്കുന്നവര്‍ ആര്‍ജിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂള്‍ വിദ്യാഭ്യാസ കാലം കഴിയുന്നതോടെ കലാപ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. നമ്മുടെ പല പഴയ കലാപ്രതിഭകളുടെയും കലാതിലകങ്ങളുടെയും പിന്നീടുള്ള ജീവിതം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ഈ വിഷയം ഗൗരവമായി കലാകേരളം ചര്‍ച്ച ചെയ്യണം. അവരെ കണ്ടെത്തി കലാകേരളത്തിനു മുതല്‍ക്കൂട്ടാക്കാനുള്ള ശ്രമങ്ങള്‍ കൂട്ടായി നടത്തേണ്ടതുണ്ട്. സര്‍ക്കാര്‍ അക്കാര്യത്തില്‍ ശ്രദ്ധ വെക്കും എന്നു മുഖ്യമന്ത്രി അറിയിച്ചു.
കിടമത്സരങ്ങളുടെയും തര്‍ക്കങ്ങളുടെയും വേദിയായി കലോത്സവത്തെ മാറ്റാതെ കലാപരമായ കഴിവുകളുടെ പ്രകാശനത്തിനു കൈവരുന്ന അവസരമായി ഇതിനെ കാണാന്‍ എല്ലാവരും ശ്രമിക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങില്‍ മന്ത്രിമാരായ ജി.ആര്‍. അനില്‍, കെ. രാജന്‍, എ.കെ.ശശീന്ദ്രന്‍, വീണാ ജോര്‍ജ്, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എം.പി, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.ജോയ്, ആന്റണി രാജു, വി.കെ.പ്രശാന്ത്, ഐ.ബി.സതീഷ്, എം.വിന്‍സെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ്, ജില്ലാ കളക്ടര്‍ അനുകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.



Last Update: 05/01/2025
SHARE THIS PAGE!
MORE IN NEWS