ജാമ്യത്തിലിറങ്ങിയെങ്കിലും മുഖ്യമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കാനോ ഫയലുകള്‍ പരിശോധിക്കാനോ പാടില്ലെന്ന കര്‍ശന വ്യവസ്ഥയുണ്ടായിരുന്നു
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നു (2024 സെപ്റ്റംബര്‍ 17) രാജിവയ്ക്കും. വൈകിട്ട് 4.30ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയെ കാണുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനു മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനത്ത് പിന്‍ഗാമിയെ തീരുമാനിക്കാന്‍ കെജ്രിവാളിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടങ്ങി .
2013ല്‍ അധികാരത്തിലെത്തിയ കെജ്രിവാള്‍ തുടര്‍ച്ചയായ നാലാം തെരഞ്ഞെടുപ്പിലും അധികാരം നിലനിര്‍ത്താമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് അഴിമതിക്കേസില്‍പ്പെട്ട് അപ്രതീക്ഷിത രാജി. മദ്യനയ അഴിമതിക്കേസില്‍ കഴിഞ്ഞ മാര്‍ച്ച് 21 മുതല്‍ ജയിലിലായിരുന്ന എഎപി ദേശീയ കണ്‍വീനര്‍ക്ക് കഴിഞ്ഞ ദിവസമാണു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, മുഖ്യമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കാനോ ഫയലുകള്‍ പരിശോധിക്കാനോ പാടില്ലെന്ന കര്‍ശന വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് കെജ്രിവാള്‍ രാജി പ്രഖ്യാപിച്ചത്.