മതവര്‍ഗ്ഗീയ ധ്രുവീകരണവും വിഭജന രാഷ്ട്രീയവും ലക്ഷ്യം വെച്ചുള്ള സംഘപരിവാറിന്റെ ഏറ്റവും ഒടുവിലത്തെ നീക്കമാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലില്‍ കണ്ടത്. മുസ്ലിം ന്യൂനപക്ഷ വിശ്വാസികളുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന ഭേദഗതിയാണ് പാര്‍ലമെന്റില്‍ പാസ്സായിരിക്കുന്നത്. രാജ്യത്തിന്റെ ബഹുസ്വരതയെയും മതനിരപേക്ഷതയെയും ഇല്ലാതാക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളുടെ ഭാഗമായാണ് വഖഫ് നിയമ ഭേദഗതി ബില്‍ തയ്യാറാക്കപ്പെട്ടത്.
ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളെ കാറ്റില്‍ പറത്തുന്ന ഈ ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ മതനിരപേക്ഷ സമൂഹമാകെ രംഗത്തു വരികയുണ്ടായി. കേരള നിയമസഭ ഒറ്റക്കെട്ടായാണ് വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കിയത്.
എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വം ആത്മാര്‍ത്ഥമായാണോ ബില്ലിനെ എതിര്‍ത്തത് എന്ന സംശയമാണ് പാര്‍ലമെന്റിലെ ചര്‍ച്ച കണ്ടപ്പോള്‍ തോന്നുന്നത്.
ബില്ലില്‍ ഒരു മണിക്കൂര്‍ നാല്പതു മിനുട്ടാണ് കോണ്‍ഗ്രസ്സ് പാര്‍ടിക്ക് സംസാരിക്കാനായി അനുവദിച്ചു കിട്ടിയത്. പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ സംസാരിച്ചില്ലെന്നു മാത്രമല്ല അദ്ദേഹത്തിന്റെ സവിശേഷാധികാരമുപയോഗിച്ച് ഒരു ഘട്ടത്തില്‍ പോലും ചര്‍ച്ചയില്‍ ഇടപെട്ടതുമില്ല. വയനാട് എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ബില്ലിനെതിരെ വോട്ടു ചെയ്യാന്‍ സഭയില്‍ എത്തിയതേയില്ല.
പാര്‍ടി വിപ്പു പോലും ലംഘിച്ച് സഭയില്‍ നിന്നും വിട്ടുനിന്ന വയനാട് എംപി വയനാട് ജനതെയും മതനിരപേക്ഷ ഇന്ത്യയെയും വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം സ്വീകരിച്ചു വരുന്ന മൃദുഹിന്ദുത്വ നിലപാടിന്റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധിയുടെ ഈ വിട്ടുനില്‍ക്കല്‍.
എന്നാല്‍, പാര്‍ടി കോണ്‍ഗ്രസ്സ് നടക്കുന്ന മധുരയില്‍ നിന്നുമാണ് സിപിഐഎം എംപിമാര്‍ പാര്‍ലമെന്റിലെത്തി വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ വോട്ടു ചെയ്തത്. ഈ വിഷയത്തില്‍ സിപിഐ എമ്മിന്റെ ആത്മാര്‍ഥതയാണ് ഇവിടെ വ്യക്തമായത്. രാജ്യത്തിന്റെ മതനിരപേക്ഷതയെ സംരക്ഷിക്കാനുള്ള
ഉത്തരവാദിത്ത ബോധ്യത്തോടെയാണ് സിപിഐഎം നിലപാടെടുത്തതെങ്കില്‍ കോണ്‍ഗ്രസ്സിന് ഇല്ലാതെപോയതും അതാണ്.
പി എ മുഹമ്മദ് റിയാസ്