ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച 'ആരോഗ്യം ആനന്ദം-വൈബ് 4 വെല്‍നസ്സ്' ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ മികച്ച മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
പുതുവര്‍ഷ ദിനത്തില്‍ ആരംഭിച്ച 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്' ക്യാമ്പയിനിലൂടെ ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ജനപങ്കാളിത്തത്തോടെയുള്ള വലിയൊരു ഇടപെടലാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായ ആര്‍ദ്രം മിഷനിലൂടെ നിലവില്‍ നടത്തിവരുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിത്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നീ നാല് പ്രധാന കാര്യങ്ങളില്‍ ഊന്നിയാണ് ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും വ്യായാമ പരിശീലനം, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും പ്രത്യേക ആരോഗ്യ പരിശോധനാ ക്യാമ്പുകളും നടത്തും.
വൈബ് 4 വെല്‍നസ്സ് ക്യാമ്പയിന്‍ വെബ്സൈറ്റും, കായിക വകുപ്പ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തയാറാക്കിയ ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
വൈബ് 4 വെല്‍നസ്സ്' ക്യാമ്പയിനിലൂടെ പുതിയതായി പത്ത് ലക്ഷം പേരെ വ്യായാമത്തിലേക്ക് എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, എംഎല്‍എമാരായ ആന്റണി രാജു, വി കെ പ്രശാന്ത്, മേയര്‍ വി വി രാജേഷ്, ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍. ഖോബ്രഗഡെ, കായിക വകുപ്പ് ഡയറക്ടര്‍ വിഷ്ണു രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.