തിരുവനന്തപുരം : സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖരുടെ സാന്നിധ്യത്താല്‍ പ്രൗഢഗംഭീരമായി പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പുറമെ സിനിമാ സീരിയല്‍ രംഗത്തെയും പ്രമുഖരും മത--സാമുദായിക നേതാക്കളും പങ്കെടുത്തു. രാജ്ഭവനില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ അഞ്ഞൂറോളം പേര്‍ ചടങ്ങിനെത്തി. പുറത്ത് കേരള കോണ്‍ഗ്രസ് ബിയുടെയും കോണ്‍ഗ്രസ് എസിന്റെയും പ്രവര്‍ത്തകരും തടിച്ചുകൂടി.
പോക്കറ്റില്‍ റോസാപുഷ്പവുമായാണ് രാമചന്ദ്രന്‍ കടന്നപ്പള്ളി എത്തിയത്. ഭാര്യ ടി എം സരസ്വതിയും ഒപ്പമുണ്ടായി. ഭാര്യ ബിന്ദു മേനോനൊപ്പമാണ് ഗണേഷ്‌കുമാര്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഭാര്യ കമലയുമുണ്ടായി.
വൈകിട്ട് നാലിനു തുടങ്ങിയ സത്യപ്രതിജ്ഞാ ചടങ്ങ് അഞ്ചു മിനിറ്റില്‍ അവസാനിച്ചു. രാജ്ഭവനു പുറത്ത് ഇരുമന്ത്രിമാര്‍ക്കും പാര്‍ടിപ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.
അസ്വസ്ഥനായി ഗവര്‍ണര്‍
മിനിറ്റുകള്‍മാത്രം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ ഈ സമയം മുഴുവന്‍ അസ്വസ്ഥനായിരുന്നു. മുഖ്യമന്ത്രിക്ക് അരികിലിരുന്നിട്ടും മുഖത്ത് നോക്കാനോ സംസാരിക്കാനോ അഭിവാദ്യം ചെയ്യാനോ ഗവര്‍ണര്‍ തയ്യാറായില്ല. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍ക്ക് പൂച്ചെണ്ട് കൈമാറിയതും ഗൗരവത്തോടെയായിരുന്നു. ദേശീയഗാനം കഴിഞ്ഞ ഉടന്‍ ആരോടും സംസാരിക്കാതെ ഗവര്‍ണര്‍ വേദി വിട്ടു.
എന്നാല്‍, സത്യപ്രതിജ്ഞാ വേദിയില്‍ തുടര്‍ന്ന ഇരുമന്ത്രിമാരെയും അനുമോദിക്കാന്‍ മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും അടക്കമുള്ളവരുടെ നീണ്ട നിരയുണ്ടായി. എല്ലാവരുടെയും അഭിനന്ദനം ഏറ്റുവാങ്ങിയ ശേഷമാണ് ഇരുവരും വേദിവിട്ടത്.
രാജ്ഭവനില്‍ ഗവര്‍ണര്‍ ചായസല്‍ക്കാരം സംഘടിപ്പിച്ചെങ്കിലും പുതിയ മന്ത്രിമാരും മന്ത്രി എ കെ ശശീന്ദ്രനും മാത്രമാണ് പങ്കെടുത്തത്.
പരിഷ്‌കരണങ്ങള്‍ വേഗത്തിലാക്കും: മന്ത്രി ഗണേഷ്‌കുമാര്‍
കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്ന് ചുമതലയേറ്റശേഷം മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. യൂണിയനുകള്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷ. പരിഷ്‌കരണങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കും. രണ്ടരവര്‍ഷമാണ് ഇനിയുള്ളത്. അതിനുള്ളില്‍ നല്ലകാര്യങ്ങള്‍ ചെയ്യും. എല്ലാം പഠിക്കാന്‍ ഒരാഴ്ച സമയം വേണം. കംപ്യൂട്ടറൈസേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കും. തന്നെ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷ നയം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കോണ്‍ഗ്രസുകാര്‍ കള്ളസാക്ഷി പറഞ്ഞ കേസാണ് കോടതിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വകുപ്പ് സത്യസന്ധമായി?കൈകാര്യം ചെയ്യും: കടന്നപ്പള്ളി
ഏതു വകുപ്പായാലും സത്യസന്ധമായി കൈകാര്യം ചെയ്യുമെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.
കടന്നപ്പള്ളി സൗത്ത് ബ്ലോക്കില്‍
സെക്രട്ടറിയറ്റിലെ സൗത്ത് ബ്ലോക്കില്‍ മൂന്നാംനിലയിലാണ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഓഫീസ്. ആന്റണി രാജുവായിരുന്നു ഈ ഓഫീസ് ഉപയോഗിച്ചിരുന്നത്. കടന്നപ്പള്ളി മുമ്പ് മന്ത്രിയായിരുന്നപ്പോഴും ഇതേ ഓഫീസിലായിരുന്നു.