INDIAKERALA NEWS

ഡോ.വന്ദനക്ക് കണ്ണീരോടെ വിട ; കൊലയാളി ജയിലില്‍

സ്വന്തം ലേഖകന്‍
11.May.2023
ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച ഡോക്ടര്‍ വന്ദനാ ദാസ് ഇനി കണ്ണീരോര്‍മ.
കോട്ടയം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച ഡോക്ടര്‍ വന്ദനാ ദാസ് ഇനി കണ്ണീരോര്‍മ. കോട്ടയം മുട്ടുചിറയിലെ വീട്ടില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഡോ.വന്ദനയുടെ മൃതദേഹം സംസ്‌കരിച്ചു. മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തില്‍ ആയിരക്കണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു

കൊല്ലത്ത് ഡോ. വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് മൃതദേഹം മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിച്ചത്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.


കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ലഹരിക്കടിമയായ സന്ദീപ് എന്ന അധ്യാപകന്റെ കുത്തേറ്റ് വന്ദന മരിക്കുന്നത്. പൊലീസുകാരടക്കം സന്ദീപിന്റെ  കുത്തേറ്റ 5 പേര്‍ ചികിത്സയിലാണ്.കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.

ഡോക്ടറെയും മറ്റുള്ളവരെയും ആക്രമിച്ച നെടുമ്പന ഗവ. യുപി സ്‌കൂള്‍ അധ്യാപകന്‍ വെളിയം ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി.സന്ദീപിനെ (42) കോടതി റിമാന്‍ഡ് ചെയ്തു പൂജപ്പുര ജയിലിലേക്ക് അയച്ചു.

Last Update: 11/05/2023
SHARE THIS PAGE!
MORE IN NEWS