സ്‌നേഹമഴയായ് ഇ.വി ശ്രീധരന്‍ ... എം എ ബേബി സിപിഐ എം ജനറല്‍ സെക്രട്ടറി ... മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ...

INDIA

കരട് യു.ജി.സി ചട്ടങ്ങള്‍ സംസ്ഥാനങ്ങളുടെ സ്വയംഭരണത്തിലുള്ള കടന്നുകയറ്റം: മുഖ്യമന്ത്രി


21.Feb.2025
*ദേശീയ കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിയമനിര്‍മ്മാണം നടത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തെയടക്കം ഇല്ലാതാക്കാവുന്ന കരട് യു.ജി.സി ചട്ടങ്ങള്‍ സംസ്ഥാനങ്ങളുടെ സ്വയംഭരണത്തിലുള്ള കടന്നുകയറ്റവും ഫെഡറല്‍ തത്വങ്ങളുടെ ലംഘനവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കരട് യു.ജി.സി ചട്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നിയമസഭാ ശങ്കരനാരായണന്‍ ഹാളില്‍ നടന്ന ദേശീയ സെമനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍വകലാശാലകളുടെ സ്ഥാപനത്തിലും പരിപാലനത്തിലും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കുന്ന പങ്ക് പ്രധാനമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 7-ാം ഷെഡ്യുളിലെ 32-ാം വകുപ്പ് പ്രകാരം സര്‍വകലാശാലകളുടെ മേല്‍നോട്ടവും പരിപാലനവും സംസ്ഥാനങ്ങളുടെ അധികാര പരിധിയിലാണുള്ളത്. യൂണിയന്‍ ലിസ്റ്റിലെ 66-ാം ഇന പ്രകാരം ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെ ഏകോപനത്തിലും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിലും കേന്ദ്രസര്‍ക്കാരിന്റെ പങ്ക് പരിമിതപ്പെടുത്തിയിരുന്നു. കരട് യു.ജി.സി നിയന്ത്രണങ്ങള്‍ സന്തുലിതാവസ്ഥ ഇല്ലാതാക്കുകയാണ്. 1949-ല്‍ ഭരണഘടന അസംബ്ലിയില്‍ ഡോ. ബി.ആര്‍ അംബേദ്ക്കര്‍ നടത്തിയ പ്രസംഗങ്ങളില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനങ്ങളുടെ അധികാരം വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 1977 ലെ 42-ാം ഭരണഘടനഭേദഗതിയാണ് ഈ മേഖലയില്‍ കൂടുതല്‍ കേന്ദ്രനിയന്ത്രണം ഏര്‍പ്പെടുത്തിയത്. കരട് പിന്‍വലിക്കാനും കൂടിയാലോചനകള്‍ നടത്തുന്നതിനും ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി.


കരടിനെക്കുറിച്ച് പഠിക്കുന്നതിനായി പ്രൊഫ. പ്രഭാത് പട്‌നായിക്കിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ കേരള സര്‍ക്കാര്‍ നിയോഗിച്ചു. വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ പങ്കിനെ പൂര്‍ണമായും അവഗണിക്കുന്ന സമീപനമാണ് കരടിലുള്ളത്. വ്യവസായ മേഖലയില്‍നിന്നോ, പൊതുഭരണത്തില്‍നിന്നോ അടക്കം വൈസ് ചാന്‍സലര്‍മാരെ നിയമിക്കാം എന്ന നിര്‍ദേശം അക്കാദമിക നിലവാരത്തെ ഇല്ലാതാക്കും.

അക്കാദമിക് പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റര്‍ (എപിഐ) സംവിധാനം നീക്കം ചെയ്ത്, ഏകപക്ഷീയമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും മുഖ്യമന്ത്രി ആശങ്ക അറിയിച്ചു. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ എല്ലാവരും ജാഗ്രതയും ഐക്യവും നിലനിര്‍ത്തി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമഗ്രത സംരക്ഷിക്കുകയും വിദ്യാഭ്യാസ പ്രക്രിയയുടെ വൈവിധ്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യണം. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള സംസ്ഥാന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഈ ദേശീയ കണ്‍വെന്‍ഷന്റെ ഭാഗമാകുന്നു എന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ആമുഖഭാഷണം നടത്തി. തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക്ക മല്ലു, കര്‍ണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. എം.സി സുധാകര്‍, തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഗോപി ചെഴിയാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തി. രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രൊഫ. പ്രഭാത് പട്‌നായിക്, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്‌ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍, തമിഴ്‌നാട് ഉന്നവിദ്യാഭ്യാസ വകുപ്പ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. എം.പി വിജയകുമാര്‍, കര്‍ണാടക ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. എസ്.ആര്‍ നിരഞ്ജന, തെലങ്കാന കോളജീയേറ്റ് ആന്‍ഡ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ എ ശ്രീദേവസേന, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു. കോളജീയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സുധീര്‍ കെ നന്ദി അറിയിച്ചു.

Last Update: 21/02/2025
SHARE THIS PAGE!
MORE IN NEWS