രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിന് തുടക്കമായി. ഇലക്ട്രോണിക് ഉല്‍പ്പന്ന ഡിസൈനിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ഏര്‍പ്പെട്ടിരിക്കുന്ന വ്യവസായങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും പിന്തുണയ്ക്കാനുള്ള സൗകര്യങ്ങളോടെ രണ്ടു മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് തിരുവനന്തപുരം ടെക്നോസിറ്റി കാമ്പസില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ ഫസ്റ്റ് ഫേസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. പാര്‍ക്ക് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാവുന്നതോടെ ഡിജിറ്റല്‍ ശാസ്ത്ര സാങ്കേതികവിദ്യയിലെ മറ്റു മേഖലകളെ കൂടി അതിന്റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കും.
ഇന്ത്യയില്‍ ആദ്യമായി ടെക്നോപാര്‍ക്ക് സ്ഥാപിച്ചും, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളത്തില്‍നിന്ന് വിജ്ഞാന സമ്പദ്വ്യവസ്ഥയില്‍ കുതിച്ചുചാട്ടത്തിന് രാജ്യത്തിനുള്ള മാൃതകയാകും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്. ഇതിനായി ടെക്നോപാര്‍ക്ക് ഫേസ് ഫോറില്‍ 13.93 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ അനുവദിച്ചത്. കിഫ്ബിയില്‍ നിന്നും 200 കോടി രൂപയും അനുവദിച്ചിരുന്നു. ഏകദേശം 1,515 കോടി രൂപയാണ് ഈ പാര്‍ക്കുമായി ബന്ധപ്പെട്ടു പ്രതീക്ഷിക്കുന്ന ആകെ നിക്ഷേപം. ഇതിന്റെ തറക്കല്ലിടല്‍ നടന്നത് ഏപ്രില്‍ 25 നാണ്. മൂന്നു മാസത്തിനുള്ളില്‍ തന്നെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനുവേണ്ട പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാനും അതിന്റെ പ്രവര്‍ത്തനം ആരംഭിക്കാനുമായി. ഒന്നര-രണ്ടു വര്‍ഷത്തിനുള്ളില്‍ 2,50,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള രണ്ട് കെട്ടിടങ്ങള്‍ ഇവിടെ പൂര്‍ത്തിയാവും. അതോടെ പാര്‍ക്ക് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാവും.
ലോകമെമ്പാടും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാകുന്നവേളയില്‍ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കേരളത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാര്‍.
ഇലക്ട്രോണിക് ചിപ്പ് ഡിസൈനിലെ ലോകപ്രശസ്ത കമ്പനിയായ എ ആര്‍ എം, ഇലക്ട്രോണിക് ഡിസൈനിനായുള്ള കേന്ദ്രം സ്ഥാപിക്കുന്നതില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുമായി സഹകരിക്കുന്നുണ്ട്. സമാനമായ രീതിയില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ചില ആഗോള കമ്പനികളും വരും ദിവസങ്ങളില്‍ പാര്‍ക്കുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ കുതിപ്പും അടിസ്ഥാന സൗകര്യ രംഗത്തുണ്ടായ സമൂല മാറ്റങ്ങളും കേരളത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകും. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹവുമായി മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ് ഈ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്.
#digitalsciencepark #kerala