INDIA

വിഴിഞ്ഞം വി.ജി.എഫ്. കരാര്‍ ഒപ്പിട്ടു


10.Apr.2025
വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള കരാറുകളില്‍ ഒപ്പിട്ടു. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറിലും തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം ലാഭവിഹിതം കേന്ദ്ര സര്‍ക്കാരുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിലുമാണ് ഒപ്പുവച്ചത്. 
കേരളത്തിന് വേണ്ടി തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ സാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് കരാറില്‍ ഒപ്പുവച്ചത്.വി.ജി.എഫ്. കരാറില്‍ ഒപ്പിട്ടത് ചരിത്ര മുഹൂര്‍ത്തമാണെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. റോഡ് കണക്ടിവിറ്റി, റെയില്‍ കണക്ടിവിറ്റി എന്നിവയ്ക്ക് വേണ്ടി യുദ്ധകലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നു മന്ത്രി പറഞ്ഞു. 2028-ഓടെ റോഡ്, റെയില്‍ കണക്ടിവിറ്റി പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ചരക്കു ഗതാഗതം കരമാര്‍ഗ്ഗം കൂടി പോകുന്നരീതിയില്‍ എത്തിച്ചേരുമ്പോള്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ണമായും ലക്ഷ്യത്തിലെത്തുമെന്നു മന്ത്രി പറഞ്ഞു. ലോകത്തിലെ തന്നെ ശ്രദ്ധേയമായ തുറമുഖങ്ങളിലൊന്നായി ഇതിനോടകം വിഴിഞ്ഞം മാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ബല്‍ദേവ് പുരുഷാര്‍ത്ഥ്, തുറമുഖ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ എ കൗശികന്‍ , വി.ഐ.എസ്.എല്‍.  മാനേജിങ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, എ.വി.പി.പി.എല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രദീപ് ജയരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Last Update: 10/04/2025
SHARE THIS PAGE!
MORE IN NEWS