സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്തുന്നതിനുവേണ്ടി കൊല്ലത്തുനിന്നും അഞ്ചാം തീയതി പുറപ്പെട്ട പതാകജാഥയ്ക്ക് വിജയവാഡ നഗരത്തില്‍ ഉജ്ജ്വല പരിസമാപ്തി. 23ാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന കൊല്ലത്തുവച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പതാകജാഥ ഉദ്ഘാടനം ചെയ്തത്.
ഗുണ്ടൂര്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷമാണ് വൈകുന്നേരം ജാഥ നഗരാതിര്‍ത്തിയിലേക്ക് കടന്നത്. ഉണ്ടവല്ലി കേവില്‍ സിപിഐ ആന്ധ്രാ സംസ്ഥാന സെക്രട്ടറി രാമകൃഷ്ണയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജാഥയെ വരവേറ്റു. തുടര്‍ന്ന് നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ നഗരം നിറഞ്ഞൊഴുകിയ പതാകജാഥ വീരോചിതമായ അനുഭവമാണ് നഗരത്തിന് പകര്‍ന്നത്.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന ഹനുമന്തറായി ഗ്രന്ഥാലയ ഹാളില്‍ വച്ച് പതാകജാഥയുടെ നേതാക്കളായ എഐവൈഎഫ് പ്രസിഡന്റ് സുഖ്ജിന്ദര്‍ മഹേശരി, ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ എന്നിവരില്‍ നിന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ പതാക ഏറ്റുവാങ്ങി.
കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എംപി, ഡോ. കെ നാരായണ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.എഐഎസ്എഫ് ജനറല്‍ സെക്രട്ടറി വിക്കി മഹേശരി, എഐവൈഎഫ് കേരള സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍, പ്രസിഡന്റ് എന്‍ അരുണ്‍, എ അനീഷ്, സുള്‍ഫിക്കര്‍, ഷാനവാസ്, സുനില്‍കുമാര്‍, വിശാല്‍ വിജയന്‍ (കേരളം), വലിയുള്ള ഖാദിരി, പ്രേം കുമാര്‍ (തെലങ്കാന), ദിനേശ് ശ്രീരംഗരാജ്, ഹരിഹര, മണികണ്ഠന്‍, അമ്പരശ്, ഡി ദാമോദരന്‍ (തമിഴ്നാട്), രാകേഷ് വിശ്വകര്‍മ്മ (ഡല്‍ഹി), സഞ്ജു ദഹേരിയ (മധ്യപ്രദേശ്), വിരാജ് ദേവാംഗ് (മഹാരാഷ്ട്ര) തുടങ്ങിയവരായിരുന്നു കൊല്ലത്ത് നിന്ന് പുറപ്പെട്ട ജാഥയിലെ അംഗങ്ങള്‍.
ഹനുമന്തറായി ഗ്രന്ഥാലയ ഹാളില്‍ ഇപ്റ്റയുടെ കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ആസ്വദിക്കുന്നതിന് നിരവധി പേര്‍ സന്നിഹിതരായിരുന്നു.