കൊച്ചി : കൈരളി ന്യൂസിനോടും മീഡിയ വണ്‍ ചാനലിനോടും പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് കൊച്ചിയില്‍ മാധ്യമങ്ങളോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . ഈ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടെങ്കില്‍ പുറത്തുപോകണം എന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ടറെ ഇറക്കി വിട്ടു . രാജ് ഭവനില്‍നിന്നുള്ള അറിയിപ്പ് അനുസരിച്ച് മെയില്‍ അയച്ച് അനുമതി ലഭിച്ചശേഷമാണ് കൈരളിയടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയിരുന്നത്.
മാധ്യമങ്ങളുടെ പേര് എടുത്ത് പറഞ്ഞ് രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. കൈരളി, മീഡിയ വണ്‍ ചാനലുകളില്‍ നിന്ന് ആരെങ്കിലും വാര്‍ത്താസമ്മേളനത്തിന് എത്തിയിട്ടുണ്ടെങ്കില്‍ പുറത്ത് പോകണം. ഇവരോട് താന്‍ സംസാരിക്കില്ല. ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍ ഇറങ്ങിപ്പോകുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ഈ മാധ്യമങ്ങള്‍ തനിക്കെതിരെ ക്യാമ്പെയിന്‍ നടത്തുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. സര്‍വ്വകലാശാല വിഷയത്തില്‍ മാധ്യമങ്ങള്‍ അഭിപ്രായം തേടിയപ്പോഴാണ് ഗവര്‍ണറുടെ ഭിഷണിപ്പെടുത്തലുണ്ടായത്. വിസിമാരുടെ മറുപടി വായിച്ച ശേഷം അക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് അറിയിച്ചു.
താന്‍ നിയമിച്ചവര്‍ തന്നെ വിമര്‍ശിക്കരുതെന്നും തനിക്ക് പ്രധാനമന്ത്രിയെ വിമള്‍ശിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.സര്‍ക്കാരിലെ ചിലര്‍ രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിച്ചുവെന്നും ഗവര്‍ണര്‍ ആരോപിച്ചു.മാര്‍ച്ച് നടത്തുന്നവര്‍ ധൈര്യമുണ്ടെങ്കില്‍ രാജ്ഭവനിലേക്ക് കടന്നുകയറട്ടെയെന്നും ഗവര്‍ണര്‍ വെല്ലുവിളിച്ചു.