തിരുവനന്തപുരം
സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ഭവന സമുന്നതി, മംഗല്യ സമുന്നതി പദ്ധതികളുടെ ധനസഹായ വിതരണം ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായങ്ങളുടെ ക്ഷേമത്തിനും അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കി സര്‍ക്കാര്‍ ഈ വിഭാഗക്കാര്‍ക്ക് സാമൂഹ്യ നീതി ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു
രാജ്യത്ത് ആദ്യമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് കേരളമാണ്. സാമ്പത്തിക നിയന്ത്രണ സാഹചര്യത്തിലും പദ്ധതിവിഹിതത്തില്‍ കുറവ് വരുത്താതെ പാവപ്പെട്ട മുന്നാക്ക കുടുംബങ്ങള്‍ക്ക് വിവാഹ സഹായം, ഭവന സഹായം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, സംരംഭത്തിനുള്ള സഹായം തുടങ്ങിയവ സര്‍ക്കാര്‍ നല്‍കിവരുന്നുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പാവപ്പെട്ടവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന രീതിയിലാണെന്നും മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ നല്‍കുന്ന സഹായ പദ്ധതികള്‍ അര്‍ഹരായവരില്‍ എത്തിക്കുന്നതില്‍ സമുന്നതി മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ ആശംസപ്രസംഗത്തില്‍ പറഞ്ഞു.
സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ. ജി. പ്രേംജിത്ത്, മാനേജിങ് ഡയറക്ടര്‍ ദേവി എല്‍ ആര്‍, ഡയറക്ടര്‍മാരായ ഭവദാസന്‍ നമ്പൂതിരി പി വി, ഫാ. ജിജി തോമസ്, അഡ്വ. ടി. കെ. പ്രസാദ്, ബി. ജയകുമാര്‍, അഡ്വ. കൊല്ലങ്കോട് രവീന്ദ്രന്‍ നായര്‍, കെ സി സോമന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.