പിണറായി വിജയന്‍ , ഉമ്മന്‍ചാണ്ടി അനുസ്മരണത്തിന് എണീറ്റപ്പോള്‍ മുദ്യാവാക്യം വിളി , മൈക്ക് തടസം , ക്ഷമയോടെ പ്രസംഗം തുടര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം :
കോണ്‍ഗ്രസിലെ കേരളത്തിലെ ഏറ്റവും ചലിക്കുന്ന നേതാവാകാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ഘട്ടത്തിലും കോണ്‍ഗ്രസ് പാര്‍ടിയെ ശക്തിപ്പെടുത്തുന്നതില്‍ പ്രാധാന്യം നല്‍കി എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നെന്നും കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സുപ്രധാന വകുപ്പ് നല്ല രീതിയില്‍ കൈകാര്യം ചെയ്തു. ഭരണാധികാരി എന്ന നിലയിലും ശോഭിക്കാനായി. വിപുലമായ അനുഭവ സമ്പത്ത് മുഖ്യമന്ത്രിയായ ഘട്ടത്തിലും അദ്ദേഹത്തിന് വലിയതോതില്‍ ശക്തി പകര്‍ന്നു. കോണ്‍ഗ്രസില്‍ ലഭിച്ച സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയായിരുന്നു. യുഡിഎഫിന്റെ ചോദ്യംചെയ്യപ്പെടാത്ത നേതാവായി അദ്ദേഹം മാറി. രോഗത്തിനു മുന്നിലും തളരാതെ ഉത്തരവാദിത്വം നിറവേറ്റണം എന്ന വാശിയോടെ പ്രവര്‍ത്തിച്ചു. ഉമ്മന്‍ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസിനും യുഡിഎഫിനും കനത്ത നഷ്ടവും പെട്ടെന്ന് നികത്താനാകാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.
വെട്ടിപ്പിടിക്കുന്നതിനേക്കാള്‍ വിട്ടുകൊടുക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തിയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് അധ്യക്ഷനായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. നിയമസഭ കണ്ട ഏറ്റവും പ്രഗത്ഭനായ സംവാദകനായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് സിപിഐ എമ്മിന്റെ പ്രതിനിധിയായി പങ്കെടുത്ത കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.
അയ്യന്‍കാളി ഹാളില്‍ നടന്ന യോഗത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രിമാരായ ജി ആര്‍ അനില്‍, ആന്റണി രാജു, ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, പന്ന്യന്‍ രവീന്ദ്രന്‍, ഒ രാജഗോപാല്‍, പി കെ കൃഷ്ണദാസ്, വി എം സുധീരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മാത്യു ടി തോമസ്, ഡോ. എന്‍ ജയരാജ്, എ എ അസീസ്, മാണി സി കാപ്പന്‍, ജി ദേവരാജന്‍, അനൂപ് ജേക്കബ്, പാലോട് രവി, ഡോ. തോമസ് ജെ നെറ്റോ, തോമസ് മാര്‍ കൂറിലോസ്, സ്വാമി ശുഭാംഗാനന്ദ, ഡോ. വി പി സുഹൈബ് മൗലവി, ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങിയവര്‍ പങ്കെടുത്തു.