കൊല്ലം: സ്‌കൂള്‍ കലോത്സവങ്ങള്‍ പോയിന്റ് നേടാനുള്ള വേദികള്‍ മാത്രമായി മാറരുതെന്നും തുടര്‍ന്നും കലയെ സ്‌നേഹിക്കുന്ന കലോപാസകരായി കുട്ടികള്‍ക്ക് വളരാനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിയിലെ മനോഹരമായ പുഷ്പങ്ങളാണ് കുട്ടികളെന്ന് മാക്സിം ഗോര്‍കിയാണ് പറഞ്ഞത്. എന്നാല്‍ വിടരുംമുന്നേ വാടിക്കൊഴിയുന്ന എത്രയോ ഹതഭാഗ്യരുണ്ട്. കലോത്സവങ്ങളില്‍ അഭിനന്ദനങ്ങളേറ്റുവാങ്ങിയ എത്രയോ മിടുക്കര്‍ക്ക് പിന്നീട് ശ്രദ്ധേയമായ രീതിയില്‍ കലാസപര്യ തുടരാനാകുന്നുണ്ട്. അതിനുകൂടി ഉതകുംവിധം സാംസ്‌കാരിക ഇടങ്ങള്‍ നാട്ടില്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്യമയക്കുമരുന്ന് ലഹരികളില്‍നിന്ന് വിദ്യര്‍ഥികള്‍ അകന്നു നില്‍ക്കണമെന്നും അവക്കെതിരായ കലാരൂപങ്ങള്‍ കലാലയങ്ങളില്‍തന്നെ ഒരുക്കുവാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കലോത്സവത്തില്‍ മനോഹമായി സ്വാഗത നൃത്താവിഷ്‌ക്കാരം അവതരിപ്പിച്ച പ്രശസ്ത നര്‍ത്തകി ആശാശരത്തിനേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. മണ്‍മറഞ്ഞ ഒട്ടേറെ പ്രമുഖരുടെ നാടായ കൊല്ലത്ത് ഇത്തവണ കലോത്സവം നടക്കുന്നതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.