ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐഎം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് സ്വാഗതസംഘം ചെയര്‍മാന്‍ കെ എന്‍ ബാലഗോപാലാണ് പതാക ഉയര്‍ത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളന വേദിയിലെത്തി.
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സി പി ഐ എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. സംസ്ഥാനത്ത് കണ്ണൂര്‍ കഴിഞ്ഞാല്‍ സി പി ഐ എമ്മിന് കൂടുതല്‍ സംഘടന സംവിധാനമുള്ള ജില്ലയാണ് കൊല്ലം. ബ്രാഞ്ച് തലം മുതല്‍ ജില്ലാതലം വരെയുള്ള സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി, വിഭാഗീയ നീക്കങ്ങള്‍ മുളയിലെ നുള്ളിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് സി പി ഐ എം കടക്കുന്നത്.
സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സി പി ഐ എം കോ ഓര്‍ഡിനേറ്റര്‍ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും വിവിധ ജില്ലകളില്‍ നിന്നുമായി 486 പ്രതിനിധികളും 44 നിരീക്ഷകരും അതിഥികളും അടക്കം 530 പേര്‍ സമ്മേളനത്തിന്റെ ഭാഗമാകും.