അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന് കേരളത്തിന്റെ സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം ഒരുങ്ങി. ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ അവതരണ ഗാനം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നാളെ (ജനുവരി 4) കലോത്സവ ഉദ്ഘാടന വേദിയില്‍ അവതരിപ്പിക്കും. ടാഗോര്‍ തിയേറ്ററില്‍ നൃത്തപരിശീലനം നടത്തിയ കലാമണ്ഡലം ടീമിനെ സന്ദര്‍ശിച്ച് പൊവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അനുമോദനം അറിയിച്ചു.
കേരളത്തിന്റെ നവോത്ഥാനം, സാമൂഹിക കലാ മേഖലകളെക്കുറിച്ചാണ് ഗാനത്തില്‍ വ്യക്തമാക്കുന്നത്. അതിനാല്‍ നൃത്താവിഷ്‌ക്കാരത്തിലും ആ സമ്പൂര്‍ണ്ണതയുണ്ട്. വേഗത്തിലുള്ള അവതരണഗാനമാണ് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച് ചടുലമായ ചുവടുകളാണ് നൃത്തത്തിലുമുള്ളത്. കലാരൂപങ്ങളുടെ നൃത്താവിഷ്‌ക്കാരം പുതുമയോടെയും സമ്പൂര്‍ണ്ണതയോടെയും അവതരിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നതെന്ന് നൃത്താധ്യാപകന്‍ കലാമണ്ഡലം തുളസികുമാര്‍ പറഞ്ഞു.
കേരളത്തിന്റെ തനത് കലകള്‍ ഉള്‍പ്പെടെ നിരവധി കലാരൂപങ്ങളുടെ പരിശ്‌ഛേദമാണ് നൃത്താവിഷ്‌ക്കാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രീയ നൃത്തങ്ങളായ കഥകളി, മോഹിനിയാട്ടം, എന്നിവ കൂടാതെ ഭരതനാട്യം കുച്ചുപ്പുടി, ഗോത്ര കലകള്‍, മാര്‍ഗംകളി, ഒപ്പന, കളരിപ്പയറ്റ്, ദഫ് മുട്ട് തുടങ്ങിയ നിരവധി കലാരൂപങ്ങള്‍ ഗാനത്തിനനുസരിച്ച് നൃത്തത്തില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്.
ചടുലമായ ചുവടുകളോടെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്താവിഷ്‌ക്കാരമാണ് കലാമണ്ഡലത്തിലെ അധ്യാപകര്‍ ഒരുക്കിയിട്ടുള്ളത്. 44 വിദ്യാര്‍ത്ഥികളാണ് നൃത്തത്തിന് ചുവടുവയ്ക്കുന്നത്. ഇതില്‍ 28 പേര്‍ കലാമണ്ഡലം വിദ്യാര്‍ത്ഥികളാണ്. ബാക്കി പതിനാറു പേര്‍ തൃശൂര്‍, ഇടുക്കി ജില്ലകളിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ്. കലാമണ്ഡലം രജിത രവി, കലാമണ്ഡലം തുളസികുമാര്‍, കലാമണ്ഡലം അരുണ്‍ വാര്യര്‍, കലാമണ്ഡലം ലതിക എന്നിവരാണ് നൃത്തം ചിട്ടപ്പെടുത്തിയത്.