ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കി വിദ്യകിരണം പദ്ധതി മുന്നേറുന്നു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിനായി സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള കുട്ടികളുടെ എണ്ണം ഇന്നത്തെ കണക്കുപ്രകാരം 3,70,416 ആയി കുറഞ്ഞു. വിദ്യാകിരണം പദ്ധതി ആരംഭിക്കുന്നതിനുമുമ്പ് കൈറ്റിന്റെ സമ്പൂര്‍ണ പോര്‍ട്ടല്‍ വഴി ജൂലൈ 26 വരെ ശേഖരിച്ച കണക്കുപ്രകാരം 4,72,445 കുട്ടികള്‍ക്കായിരുന്നു ഉപകരണങ്ങള്‍ ആവശ്യമുണ്ടായിരുന്നത്.
ആഗസ്റ്റ് 4 ന് വിദ്യാകിരണം പദ്ധതിയുടെ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തതിനുശേഷം 1,02,029 കുട്ടികള്‍ക്ക് ഒന്നരമാസത്തിനകം സാമൂഹ്യ പങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമായി എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോര്‍ട്ടല്‍ വഴിയുള്ള പര്‍ച്ചേസ് നടപടികള്‍ ആരംഭിക്കുന്നതിനുമുമ്പുതന്നെ 21.5% കുട്ടികള്‍ക്കും സാമൂഹ്യപങ്കാളിത്തത്തോടെ ഉപകരണങ്ങള്‍ ലഭിച്ചത് ഈ പദ്ധതിയെ പൊതുസമൂഹം നെഞ്ചേറ്റി എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.
വിദ്യാകിരണം പോര്‍ട്ടല്‍ (https://vidyakiranam.kerala.gov.in/) വഴി പൊതുജനങ്ങള്‍ക്കും കമ്പനികള്‍ക്കും സ്‌കൂളുകള്‍ തിരിച്ചും തദ്ദേശഭരണ സ്ഥാപനങ്ങള്‍ തിരിച്ചും ആവശ്യമുള്ള കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്യാനാകും. ഇഷ്ടമുള്ള തുകയും ഇതിനായി പോര്‍ട്ടല്‍ വഴി നല്‍കാന്‍ കഴിയും. വിദ്യാകിരണം പദ്ധതിക്ക് പണം നല്‍കുന്നതിന് ആദായനികുതി ഇളവുണ്ട്.