കൊച്ചി : ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട 9 വൈസ് ചാന്‍സിലര്‍മാരും തല്‍ക്കാലം സ്ഥാനമൊഴിയേണ്ടതില്ലെന്നും അവര്‍ക്ക് തുടരാമെന്നും ഹൈക്കോടതി. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസില്‍ തീരുമാനം എടുക്കും വരെ തുടരാമെന്നും കോടതി വ്യക്തമാക്കി. രാജി ആവശ്യപ്പെട്ട് വിസിമാര്‍ക്ക് കത്തയച്ചത് ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു.
സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന ചാന്‍സലറുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പ്രത്യേക സിറ്റിങ്ങില്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പ്രത്യേക സിറ്റിംഗ് ആരംഭിച്ചത്. 9 സര്‍വ്വകലാശാകളിലെ വൈസ് ചാന്‍സിലര്‍മാര്‍ തിങ്കളാഴ്ച രാവിലെ 11. 30 ന് രാജിവെവെയ്ക്കണമെന്നാണ് ചാന്‍സിലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടത്.ഇതിനെ ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്.
കേസ് കോടതി പരിഗണിക്കും എന്ന് വ്യക്തമായതോടെ രാജി ആവശ്യം മാറ്റി ഗവര്‍ണര്‍ വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.