ന്യൂ ഡെല്‍ഹി: സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ അഹിംസാ സിദ്ധാന്തം കൊണ്ട് വിറപ്പിച്ച മഹാത്മാ ഗാന്ധിയുടെ സ്മരണയില്‍ രാജ്യം. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപത്താറാമത് രക്തസാക്ഷിത്വ ദിനം , രാജ്യമെമ്പാടും വിവിധ പരിപാടികളും അനുസ്മരണ സമ്മേളനങ്ങളും നടത്തി ആചരിച്ചു.
ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ ഒരു സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനിടെ 1948 ജനുവരി 30 നാണ് നാഥൂറാം വിനായക് ഗോഡ്‌സെ മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊന്നത്.
രാഷ്ട്രപതി ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന സര്‍വമത പ്രാര്‍ത്ഥനയില്‍ പ്രധാനമന്ത്രി പങ്കെടുത്തു.
സത്യത്തിലും അഹിംസയിലും അടിയുറച്ച് വിശ്വസിച്ച് , ജീവിതം അതിനായി സമര്‍പ്പിച്ച മഹാത്മാവിന്റെ ആശയങ്ങള്‍ ലോകത്തിന് എന്നും മാതൃകയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു ജനതയുടെ പ്രതീക്ഷയും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹം ആജീവനാന്തം പോരാടി. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ഗാന്ധിജി ലോക ശ്രദ്ധനേടി. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാള്‍ ദാര്‍ശനികനായും അദ്ദേഹം ലോകമെമ്പാടും അറിയപ്പെടുന്നു. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചിരുന്നു.
ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ആഗോള തലത്തില്‍ ഒട്ടേറെ പൗരാവകാശ പ്രവര്‍ത്തകരെ സ്വാധീനിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, സ്റ്റീവ് ബികോ, നെല്‍സണ്‍ മണ്ടേല, ഓങ് സാന്‍ സൂ ചി എന്നിവര്‍ ഗാന്ധിയന്‍ ആശയങ്ങള്‍ സ്വാംശീകരിച്ചവരാണ്.