മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. തിരുവനന്തപുരത്ത് വി.എസിന്റെ വസതിയിലെത്തിയായിരുന്നു സന്ദര്‍ശനം. ഗവര്‍ണറായി എത്തുമ്പോള്‍ അദ്ദേഹത്തെയും കുടുംബത്തെയും സന്ദര്‍ശിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന് ആര്‍ലേക്കര്‍ പറഞ്ഞു.
തന്റെ കോളേജ് പഠനകാലം മുതല്‍ വി.എസിനെ കുറിച്ച് കേട്ടിട്ടുണ്ടെന്നും മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഗവര്‍ണര്‍ സന്ദര്‍ശനശേഷം മാധ്യമങ്ങളോട് പറഞ്ഞു.
'ഗവര്‍ണറായി എത്തിയപ്പോള്‍ അദ്ദേഹത്തെ നിര്‍ബന്ധമായും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഭാഗ്യവശാല്‍ അദ്ദേഹത്തേയും കുടുംബത്തേയും കാണാനും സംസാരിക്കാനും സാധിച്ചു. അനാരോഗ്യംകൊണ്ട് വി.എസിന് സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹവുമായി ആശയവിനിമയം നടത്താനായി. അദ്ദേഹം ആരോഗ്യവാനായിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു', ആര്‍ലേക്കര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാര്യ കമലയും ഒന്നിച്ച് രാജ്ഭവനില്‍ എത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടത്. രാജ് ഭവനില്‍ പ്രഭാത നടത്തത്തിന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തിരുന്നു.