രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയുടെ പതിനഞ്ചാം പതിപ്പിന് വര്‍ണാഭമായ തുടക്കം. 1200 ല്‍ അധികം ഡെലിഗേറ്റുകളും പ്രമുഖഡോക്യുമെന്ററി, ചലച്ചിത്ര സംവിധാകരും ആദ്യദിനംമുതല്‍ മേളയുടെ ഭാഗമായി.
കൈരളി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. പതിനഞ്ചുവര്‍ഷത്തിനകം ഇന്ത്യയിലെ ഏറ്റവും മികച്ച ഡോക്യുന്ററി, ഹ്രസ്വചിത്രമേളയായി ഐഡിഎസ്എഫ്എഫ്കെയ്ക്ക് മാറാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ 2007 വരെ ഐഎഫ്എഫ്കെയുടെ ഭാഗമായാണ് ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വികാസത്തോടെ ഡോക്യുമെന്ററികളുടെയും ഹ്രസ്വ ചിത്രങ്ങളുടെയും നിര്‍മാണത്തില്‍ കാര്യമായ പുരോഗതിയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ചലച്ചിത്രഅക്കാദമി രൂപീകരിച്ച് 10 വര്‍ഷമായപ്പോള്‍ ഡോക്യുമെന്ററികള്‍ക്കും ഹ്രസ്വചിത്രങ്ങള്‍ക്കും പ്രത്യേകമായി അന്താരാഷ്ട്രമേളകള്‍ അന്നത്തെ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മന്ത്രി ആന്റണി രാജു അധ്യക്ഷനായി. സംവിധായകന്‍ ടി വി ചന്ദ്രന്‍ , മധുപാല്‍, കുക്കൂ പരമേശ്വരന്‍ , ചലച്ചത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫെസ്റ്റിവല്‍ കാറ്റലോഗ് ടി വി ചന്ദ്രന്‍, ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍മാന്‍ കനു ബേലിനു നല്‍കി പ്രകാശിപ്പിച്ചു.
ഡെയ്ലി ബുള്ളറ്റിന്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണും പ്രകാശിപ്പിച്ചു. സാംസ്‌കാരിക സെക്രട്ടറി മിനി ആന്റണി സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ 'സെവന്‍ വിന്റേഴ്സ് ഇന്‍ ടെഹ്റാന്‍' പ്രദര്‍ശിപ്പിച്ചു. കൈരളി, ശ്രീ, നിള തിയേറ്ററുകളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. മേള ഒമ്പതിന്സമാപിക്കും .