തിരുവനന്തപുരം ചിറയിന്‍കീഴ് മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം മന്ത്രിമാരായ വി.ശിവന്‍കുട്ടി , അഡ്വ. ആന്റണി രാജു, അഡ്വ. ജി ആര്‍ അനില്‍ എന്നിവര്‍ സന്ദര്‍ശിച്ചു
തിങ്കളാഴ്ച വെളുപ്പിനാണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്. അതിരാവിലെതന്നെ ജില്ലാ ഭരണകൂടം തിരച്ചിലിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തി. ഡോണിയര്‍ വിമാനം, ഹെലികോപ്റ്റര്‍ എന്നിവയടക്കമുള്ളവയുടെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡ് , ലോക്കല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് തുടങ്ങിയ ഏജന്‍സികള്‍ തിരച്ചില്‍ രാവിലെ തന്നെ ആരംഭിച്ചു. ജില്ലാ അദാലത്ത് വെട്ടിച്ചുരുക്കി മന്ത്രിമാരും ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി.
മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളത് മന്ത്രിമാര്‍ സശ്രദ്ധം കേട്ടു. സ്‌കൂബാ ഡൈവേഴ്സിന്റെ സേവനം മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ലഭ്യമാക്കി. ഇതിനുശേഷം മരിച്ച മത്സ്യത്തൊഴിലാളി കുഞ്ഞുമോന്റെ മൃതദേഹത്തില്‍ മന്ത്രിമാര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ചു.
വി ജോയി എം. എല്‍. എ., ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഐ എ എസ് തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്നുള്ള നടപടികള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാരുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കളക്ടര്‍ ആര്‍ ഡി ഒയെ ചുമതലപ്പെടുത്തി .