ഇഎംഎസിനു ശേഷം കേരളത്തില്‍ നിന്നുള്ള ഒരാള്‍ സിപിഐഎമ്മിനെ നയിക്കാനെത്തിയിരിക്കുന്നു. എം എ ബേബി സിപിഐഎം ജനറല്‍ സെക്രട്ടറി ആകുമെന്ന് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പുതന്നെ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
സിപിഐഎം രൂപീകരിച്ച ശേഷം ആറാമത്തെ ജനറല്‍ സെക്രട്ടറിയാണ് എം എ ബേബി. 1978 ല്‍ പഞ്ചാബിലെ ജലന്തറില്‍ നടന്ന പത്താം പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഇഎംഎസ് ജന.സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. 14ാം പാര്‍ട്ടി കോണ്‍ഗ്രസുവരെ നാല് ടേം ഇ എം എസ് ജന.സെക്രട്ടറിയായി തുടര്‍ന്നു.
ഇ എം എസിനു ശേഷം ജന.സെക്രട്ടറി പദത്തിലെത്തിയ ഹര്‍കിഷന്‍ സുര്‍ജിത്തും നാല് ടേം പൂര്‍ത്തിയാക്കിയാണ് സ്ഥാനമൊഴിഞ്ഞത്. പ്രകാശ് കാരാട്ട്, സിതാറാം യച്ചൂരി എന്നിവര്‍ മൂന്നു തവണ ജന. സെക്രട്ടറിയായി. സെക്രട്ടറി പദവിയില്‍ ഇരിക്കെയാണ് യച്ചൂരിയുടെ മരണം. കഴിഞ്ഞ എട്ടുമാസത്തിലേറെയായി പാര്‍ട്ടിക്ക് ജന.സെക്രട്ടറി ഉണ്ടായിരുന്നില്ല. പകരം പ്രകാശ് കാരാട്ട് കോ-ഓഡിനേറ്ററായി പാര്‍ട്ടിയെ നയിക്കുകയായിരുന്നു.