തിരുവനന്തപുരം
കേന്ദ്ര അവഗണനയില്‍ ദുരിതംപേറുന്ന മലയാളികള്‍ ഇന്ന് നാടിനുവേണ്ടി കൈകോര്‍ക്കും. കാസര്‍കോട് റെയില്‍വേ സ്റ്റേഷനു മുന്നില്‍നിന്നുമുതല്‍ തിരുവനന്തപുരത്ത് രാജ്ഭവന്‍വരെയാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പ്രതിഷേധച്ചങ്ങല തീര്‍ക്കുക.
ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമരം. റെയില്‍വേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയില്‍ പ്രതിഷേധിച്ചാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. പത്തു ലക്ഷത്തിലധികം യുവജനങ്ങള്‍ അണിനിരക്കുന്ന ചങ്ങലയില്‍ കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളും അധ്യാപകരും തുടങ്ങി സമൂഹത്തിന്റെ പരിച്ഛേദം അണിനിരക്കും.
വൈകിട്ട് നാലരയ്ക്ക് ട്രയല്‍ച്ചങ്ങല തീര്‍ത്തശേഷം അഞ്ചിന് മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിജ്ഞ എടുക്കും. തുടര്‍ന്ന് പ്രധാനകേന്ദ്രങ്ങളില്‍ പൊതുസമ്മേളനവും സംഘടിപ്പിക്കും. അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം കാസര്‍കോട്ട് ആദ്യ കണ്ണിയാകും. ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജന്‍ രാജ്ഭവനുമുന്നില്‍ അവസാന കണ്ണിയാകും.
രാജ്ഭവനുമുന്നില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കാസര്‍കോട്ട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതിയും ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ, സംസ്ഥാന നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും.
തെരുവിലുയരും ഐക്യനാദം
കാസര്‍കോട് മുതല്‍ തിരുവനന്തപുരത്ത് രാജ്ഭവന്‍വരെയുള്ള 651 കിലോമീറ്റര്‍ ദൂരത്തില്‍ ശനിയാഴ്ച കേരളം കൈകോര്‍ത്ത് ചങ്ങല തീര്‍ക്കുമ്പോള്‍ മുഴങ്ങുക കേന്ദ്ര അവഗണനയ്ക്ക് എതിരായ കേരളത്തിന്റെ ഐക്യനാദം.'ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്. റെയില്‍വേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയില്‍ പ്രതിഷേധിച്ചാണ് മനുഷ്യച്ചങ്ങല.
സംസ്ഥാനത്തുനിന്ന് വലിയ വരുമാനമുണ്ടായിട്ടും യാത്രക്കാര്‍ അര്‍ഹിക്കുന്ന ഒരു നവീകരണവും റെയില്‍വേയില്‍ ഉണ്ടാകുന്നില്ല. യാത്രാപ്രശ്നം അതിരൂക്ഷമാണ്. സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി മുടക്കുകയാണ്.കടുത്ത നിയമന നിരോധമാണ് രാജ്യത്ത് നടക്കുന്നത്. കരസേനയില്‍ ഒരുവര്‍ഷമായി ഒരാള്‍ക്കുപോലും നിയമനം നല്‍കിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ലക്ഷക്കണക്കിന് ഒഴിവുകള്‍ നിലനിര്‍ത്തി തസ്തികകള്‍ ഇല്ലാതാക്കുന്നു. കേന്ദ്രത്തില്‍നിന്ന് ലഭിക്കേണ്ട അര്‍ഹമായ തുക നല്‍കാതെയും വായ്പാപരിധി വെട്ടിക്കുറച്ചും സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നു. യുവതയുടെ തൊഴിലും സംസ്ഥാനത്തിന്റെ ഭാവിയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല ഏറ്റെടുക്കുന്നത്. സംസ്ഥാനത്തെ 29,630 യൂണിറ്റുകള്‍ കേന്ദ്രീകരിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
സമരത്തിന്റെ മുദ്രാവാക്യങ്ങളുയര്‍ത്തി വലിയ പ്രചാരണമാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്. പോസ്റ്ററുകളും ബോര്‍ഡുകളും ബാനറുകളുമെല്ലാം തെരുവുകളില്‍ നിറഞ്ഞു. മുദ്രാവാക്യങ്ങള്‍ ജനമനസ്സുകളിലെത്തിക്കാന്‍ സമൂഹമാധ്യമ ഇടങ്ങളും സജീവമയിട്ടുണ്ട്. ചെറു വീഡിയോകളും റീല്‍സും കാര്‍ഡുകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ നിറസാന്നിധ്യമായുണ്ട്. ഫ്‌ലാഷ് മോബും വിദ്യാര്‍ഥി ശൃംഖലയുമെല്ലാം തീര്‍ത്ത് മനുഷ്യച്ചങ്ങലയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്.