ന്യൂഡല്‍ഹി : മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇഡബ്ലിയുഎസ്) 10 ശതമാനം സംവരണം അനുവദിച്ച ഭരണഘടനാഭേദഗതി ശരിവച്ച് സുപ്രീംകോടതി. സര്‍ക്കാര്‍ജോലിക്കും വിദ്യാഭ്യാസത്തിനും 10 ശതമാനം സംവരണം അനുവദിച്ച 103--ാം ഭേദഗതി മൂന്നില്‍രണ്ട് ഭൂരിപക്ഷത്തിനാണ് ഭരണഘടനാബെഞ്ച് ശരിവച്ചത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേലാ എം ത്രിവേദി, ജെ ബി പര്‍ധിവാല എന്നിവര്‍ ഭേദഗതി അംഗീകരിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് എസ് രവീന്ദ്രഭട്ടും വിയോജിച്ചു.
സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് മൂന്നു ജഡ്ജിമാര്‍ നിരീക്ഷിച്ചു. സംവരണം സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കു മാത്രമുള്ളതല്ല. മുന്നാക്കവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം അനുവദിച്ചാല്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ ലംഘിക്കപ്പെടില്ല. പ്രത്യേക വിഭാഗമായി കണക്കാക്കി സംവരണം അനുവദിക്കാം. 103--ാം ഭേദഗതിയില്‍നിന്ന് എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളെ ഒഴിവാക്കിയത് വിവേചനപരമല്ല.
സംവരണത്തില്‍നിന്നു സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഒഴിവാക്കപ്പെടുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതിയെന്നും ഭൂരിപക്ഷ വിധിയില്‍ പറഞ്ഞു. സ്വകാര്യ അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ ഇഡബ്ലിയുഎസ് സംവരണം ഏര്‍പ്പെടുത്തിയതും അംഗീകരിച്ചു.