കൊച്ചി
സ്വത്ത് സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി രണ്ടുസ്ത്രീകളെ ആഭിചാരക്കൊല നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ രണ്ട് സ്ത്രീകളുടെ മൃതദേഹം ഇലന്തൂരിലെ വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തി. കടവന്ത്രയില്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന തമിഴ്നാട് സ്വദേശി പത്മം (56), കാലടിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തൃശൂര്‍ സ്വദേശി റോസിലി (49) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കേസില്‍ എറണാകുളം ഗാന്ധിനഗര്‍ ഇഡബ്ല്യുഎസ് നോര്‍ത്ത് എന്‍ഡ് ബ്ലോക്കില്‍ വാടകയ്ക്ക് താമസിക്കുന്ന പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി(റഷീദ് --52), ആയുര്‍വേദ ചികിത്സകന്‍ ഇലന്തൂര്‍ പുളിന്തിട്ട കടകംപിള്ളില്‍ ഭഗവല്‍സിങ് (70), ഭാര്യ ലൈല (61) എന്നിവരെ പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തു. മൃതദേഹാവശിഷ്ടങ്ങള്‍ ഭഗവല്‍സിങ്ങിന്റെ വീട്ടുവളപ്പില്‍നിന്ന് ചൊവ്വാഴ്ച കുഴിച്ചെടുത്തു. ഇവ കൊച്ചിയില്‍നിന്നു കാണാതായ സ്ത്രീകളുടെതാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കൂടുതല്‍പ്പേര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞമാസം 26 മുതല്‍ പത്മയെ കാണാതായെന്ന മകന്‍ സെല്‍വന്റെ പരാതിയില്‍ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണമാണ് നാടിനെ നടുക്കിയ ആഭിചാരക്കൊലയുടെ മറനീക്കിയത്. അന്വേഷണത്തില്‍ പത്മയുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ തിരുവല്ല ഭാഗത്ത് കണ്ടെത്തി. പത്മയെ കൊച്ചിയില്‍നിന്ന് വാഹനത്തില്‍ കടത്തിക്കൊണ്ടുപോയ മുഹമ്മദ് ഷാഫി പൊലീസ് വലയിലായിരുന്നു. നഗരത്തില്‍ ലോട്ടറി വിറ്റിരുന്ന സ്ത്രീകള്‍ നല്‍കിയ വിവരമനുസരിച്ചാണ് ഷാഫിയെ തിരിച്ചറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടര്‍ന്ന് അന്വേഷണം ഭഗവല്‍സിങ്ങിലേക്കും ഭാര്യ ലൈലയിലേക്കും എത്തിയതോടെ കാലടിയില്‍നിന്ന് നേരത്തേ കാണാതായ റോസിലിയുടെ കൊലപാതകവിവരവും പുറത്തുവന്നു. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് റോസിലിയെ കാണാതായത്.
ഷാഫിയാണ് കൊലപാതകങ്ങളുടെ മുഖ്യസൂത്രധാരനെന്നാണ് പൊലീസ് നിഗമനം. ശ്രീദേവി എന്ന വ്യാജ ഫെയ്സ്ബുക് അക്കൗണ്ടിലൂടെയാണ് ഷാഫി ഭഗവല്‍സിങ്ങുമായി അടുത്തത്. ജൂണില്‍ റോസിലിയെയും സെപ്തംബറില്‍ പത്മയെയും ഭഗവല്‍സിങ്ങിന്റെ ഇലന്തൂരിലെ വീടിനുള്ളിലാണ് ക്രൂരമായി കൊലപ്പെടുത്തിയത്. മൂവരും ചേര്‍ന്ന് കഴുത്തറുത്തും മാരകായുധങ്ങള്‍ ഉപയോഗിച്ച് പീഡിപ്പിച്ചുമായിരുന്നു കൊല. സിനിമയില്‍ അഭിനയിക്കാന്‍ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് സ്ത്രീകളെ ഇലന്തൂരിലെത്തിച്ചത്.