നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലെനയ്ക്കൊപ്പമെത്തിയാണ് കെജ്രിവാള്‍ രാജിക്കത്ത് കൈമാറിയത്.
ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവച്ചു. ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേനയുടെ വസതിയിലെത്തി രാജിക്കത്ത് കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലെനയ്ക്കൊപ്പമെത്തിയാണ് കെജ്രിവാള്‍ രാജിക്കത്ത് കൈമാറിയത്. കെജ്രിവാള്‍ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയെ നിര്‍ദേശിച്ചത്.
തുടര്‍ന്ന് നിയുക്ത മുഖ്യമന്ത്രിയായി തന്നെ എംഎല്‍ എമാര്‍ തെരഞ്ഞെടുത്ത പിന്തുണക്കത്ത് അതിഷി ലഫ്. ഗവര്‍ണര്‍ക്ക് കൈമാറി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവും അതിഷി ഉന്നയിച്ചു.
11 വര്‍ഷത്തിന് ശേഷമാണ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി പദം ഒഴിയുന്നത്. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കെജ്രിവാള്‍ ഞായറാഴ്ചയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചത്. അന്ന് പറഞ്ഞത് പോലെ കൃത്യം രണ്ടുദിവസത്തിനകം തന്നെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്.
ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കുംവരെ താന്‍ ആ കസേരയില്‍ ഇരിക്കില്ലെന്നായിരുന്നു കെജ്രിവാളിന്റെ പ്രഖ്യാപനം. തനിക്ക് കോടതിയില്‍നിന്ന് നീതി ലഭിച്ചു. ഇനി ജനങ്ങളുടെ കോടതിയില്‍നിന്നും നീതി ലഭിക്കും. ജനങ്ങളുടെ വിധിപ്രഖ്യാപനം ഉണ്ടായതിനു ശേഷം മാത്രമേ താന്‍ ഇനി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കൂവെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. ഹരിയാണയിലും ഡല്‍ഹിയിലും സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കയാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കെജ്രിവാളിന്റെ നീക്കം.
ഈ മാസം 26,27 തീയതികളിലായി ഡല്‍ഹി നിയമസഭ സമ്മേളനം ചേരും. ഇതില്‍ പുതിയ മുഖ്യമന്ത്രിയും സര്‍ക്കാരും ഭൂരിപക്ഷം തെളിയിക്കും. അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്ന പ്രമേയം കെജ്രിവാളാണ് യോഗത്തില്‍ അവതരിപ്പിച്ചത്. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അതിഷി. എംഎല്‍എമാരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അതിഷിയെ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് ഗോപാല്‍ റായ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.