ബാബ്റി മസ്ജിദ് തകര്‍ത്തയിടത്ത് നിര്‍മിച്ച രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് രാജ്യത്ത് മതേതരത്വത്തിന്റെ മരണമണിയാണെന്ന് സി.പി.ഐ ( എം ) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പരിപാടിയാണ് അയോധ്യയില്‍ നടന്നത്. ഭരണഘടനയുടേയും സുപ്രീംകോടതി വിധിയുടേയും ലംഘനമാണിത്. മുഴുവന്‍ ചടങ്ങുകളും ഭരണകൂടം നേരിട്ട് സ്‌പോണ്‍സര്‍ ചെയ്തതാണ്. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുകയാണ് ബിജെപി. കാശി ക്ഷേത്രത്തിന്റെയും മഥുര ക്ഷേത്രത്തിന്റെയും പേരില്‍ ഇപ്പോള്‍ തന്നെ പല തരം പ്രചാരണങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
സിപിഐ എം മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നു. എന്നാല്‍ വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതിനെ എതിര്‍ക്കും. ബിജെപി ഇതര സര്‍ക്കാരുകളെ നേരിടാന്‍ ഇഡിയെ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പിന്റെ വഴി തീരുമാനിക്കുന്നത് ഇഡിയും കേന്ദ്ര സര്‍ക്കാര്‍ ഇറക്കുന്ന പണവുമാണ്. ഇന്ത്യ സഖ്യം നേരിടേണ്ടത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയാണ്.
സംസ്ഥാന തലത്തില്‍ സഖ്യ നീക്കങ്ങള്‍ സജീവമാക്കും. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ യോഗ്യനല്ല. സര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രേരിത അതിക്രമത്തിന് ഗവര്‍ണര്‍ മുതിരുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.