തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണം ഉള്‍പ്പെടെ അവലോകനം ചെയ്യുന്നതിനും സര്‍ക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ആവിഷ്‌കരിച്ച വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള തദ്ദേശകം 2.0 എന്ന പേരില്‍ ജില്ലാ തല യോഗങ്ങള്‍ ചേരുന്നു. ഒക്ടോബര്‍ 27ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിലാണ് ആദ്യയോഗം. നവംബര്‍ 22 ന് ഉച്ചയ്ക്ക് കാസര്‍ഗോഡ് ചേരുന്ന യോഗത്തോടെ പരിപാടി അവസാനിക്കും. എല്ലാ തദ്ദേശസ്ഥാപന അധ്യക്ഷന്മാരും സെക്രട്ടറിമാരും, ജില്ലാ ആസൂത്രണ സമിതിയുടെ ഭാഗമായ ജില്ലാ കളക്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍മാര്‍, ജില്ലാ തല വകുപ്പ് മേധാവിമാര്‍, സര്‍ക്കാര്‍ പ്രതിനിധി, ഫെസിലിറ്റേറ്റര്‍മാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനതലത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഓരോ യോഗത്തിലും പങ്കെടുക്കും.
ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് നവകേരള തദ്ദേശകം പദ്ധതി ആവിഷ്‌കരിച്ചത്. കഴിഞ്ഞ വര്‍ഷം നവകേരള തദ്ദേശകത്തിന്റെ ഭാഗമായി എല്ലാ ജില്ലയിലും യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ രണ്ടാം ഘട്ടത്തിനാണ് ഒക്ടോബര്‍ 27 ന് തുടക്കമാവുന്നത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ നവകേരള തദ്ദേശകം 2.0 സഹായകരമാകുമെന്ന് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. മാലിന്യപ്രശ്നം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തേണ്ടവരാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികള്‍. പുതിയ വികസന സങ്കല്‍പ്പങ്ങളും പദ്ധതികളും അവരുമായി ചര്‍ച്ച ചെയ്യുന്നത് നാടിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വാര്‍ഷിക പദ്ധതി നിര്‍വഹണത്തിന്റെ അവലോകനം, അതിദാരിദ്രം അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ പുരോഗതി, വാതില്‍പ്പടി സേവനം, ശുചിത്വ കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, ആയിരത്തില്‍ അഞ്ച് പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയുടെ പുരോഗതിയും തൊഴില്‍സഭകളും, മനസോടിത്തിരി മണ്ണും ലൈഫ് പദ്ധതിയും, ലഹരിമുക്ത കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, കുടുംബശ്രീയും ഷീ സ്റ്റാര്‍ട്ട്സും, ഡിജിറ്റല്‍ ഗവേണന്‍സും ഐഎല്‍ജിഎംഎസും ഫയല്‍ തീര്‍പ്പാക്കലും, ആസ്തി രജിസ്റ്റര്‍ പുതുക്കല്‍, ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും യോഗത്തിലെ ചര്‍ച്ചകള്‍. ജില്ലാതലത്തില്‍ യോഗം ചേരുന്ന തീയതിയും വിശദാംശങ്ങളും ചുവടെ;
തിരുവനന്തപുരം - 27ന് രാവിലെ 10 ന്, പാലക്കാട് - 28ന് രാവിലെ 10 ന്, കോഴിക്കോട് - 31ന് രാവിലെ 10 ന്, തൃശൂര്‍ - നവംബര്‍ 7ന് ഉച്ചയ്ക്ക് 2.30ന്, കൊല്ലം - 8ന് രാവിലെ 10 ന്, മലപ്പുറം - 10ന് രാവിലെ 10 ന്, ആലപ്പുഴ - 11ന് രാവിലെ 10 ന്, എറണാകുളം - 11ന് ഉച്ചയ്ക്ക് 02.30ന്, ഇടുക്കി - 17ന് രാവിലെ 10 ന്, കോട്ടയം - 18ന് രാവിലെ 10 ന്, പത്തനംതിട്ട - 18ന് ഉച്ചയ്ക്ക് 02.30 ന്, വയനാട് - 21ന് രാവിലെ 10 ന്, കണ്ണൂര്‍ - 22ന് രാവിലെ 10 ന്, കാസര്‍ഗോഡ് - 22ന് ഉച്ചയ്ക്ക് 02.30ന്