സ്പീക്കര്‍ പദവിയില്‍ പിന്‍ഗാമിയായി എത്തിയ എ.എന്‍ ഷംസീറിനെക്കുറിച്ച് മന്ത്രി എം.ബി രാജേഷിന്റെ കുറിപ്പ്
കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. എ എന്‍ ഷംസീറിനെ അതിയായ സന്തോഷത്തോടെ അഭിനന്ദിക്കുന്നു. വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ കാലം മുതല്‍ രണ്ട് പതിറ്റാണ്ടിലേറെക്കാലം ശ്രീ. ഷംസീറിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങളും ഓര്‍മകളും എനിക്കുണ്ട്. അതിന്റെയടിസ്ഥാനത്തില്‍ പുതിയ ഉത്തരവാദിത്തം ചുമതലാബോധത്തോടെ, ഭംഗിയായി, നീതിപൂര്‍വം നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് നിസ്സംശയം പറയാന്‍ കഴിയും.
ഏറ്റെടുക്കുന്ന ഏതു ചുമതലയും തികഞ്ഞ പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും പരമാവധി നീതിയും പുലര്‍ത്തി നിറവേറ്റുകയെന്നത് അദ്ദേഹത്തിന്റെ ഒരു സവിശേഷതയാണ്. പുതിയ ചുമതല ഭംഗിയായി നിറവേറ്റാന്‍ ആവശ്യമായ രാഷ്ട്രീയ വിവേകവും പൊതുപ്രവര്‍ത്തകനെന്ന നിലയിലും സാമാജികനെന്ന നിലയിലുമുള്ള അനുഭവവും സര്‍വോപരി പ്രത്യുല്‍പന്നമതിത്വവും അദ്ദേഹത്തിനുണ്ട്. അതിനാല്‍ ശ്രീ. ഷംസീര്‍ മികച്ച സ്പീക്കര്‍ ആകുമെന്നതില്‍ ഒട്ടും സംശയമില്ല.
ഇന്ത്യയിലെ ഉന്നതനിലവാരം പുലര്‍ത്തുന്ന നിയമസഭയാണ് കേരള നിയമസഭ. ഏറ്റവും കൂടുതല്‍ ദിവസം, ഏറ്റവും ജനാധിപത്യപരമായി സമ്മേളിക്കുന്ന സഭ കൂടിയാണിത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ കേവലം 13 ശതമാനം ബില്ലുകള്‍ മാത്രം സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ക്ക് വിടുമ്പോള്‍ മുഴുവന്‍ ബില്ലുകളും സബ്ജക്ട് കമ്മിറ്റികളുടെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്ന നിയമസഭയാണ് നമ്മുടേത് എന്നത് ഏറ്റവും ജനാധിപത്യപരമായി ഈ സഭ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണ്. നിയമനിര്‍മാണത്തിലെ അവധാനത, ഒപ്പം അംഗങ്ങളുടെ ജനാധിപത്യ അവകാശങ്ങളുടെ സംരക്ഷണം എന്നിവ നമ്മുടെ സഭയുടെ സവിശേഷതകളാണ്. എല്ലാ ദിവസവും അടിയന്തിര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുന്ന രീതി പാര്‍ലമെന്റില്‍ പോലുമില്ല. ഈ ഉന്നതമായ പാരമ്പര്യം ശ്രീ. ഷംസീറിന് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയും. കക്ഷിരാഷ്ട്രീയത്തിന് അതീതമായ അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും സഭയുടെ നടത്തിപ്പിന് മുതല്‍ക്കൂട്ടാകും. കേരള നിയമസഭയുടെ അധ്യക്ഷനെന്ന നിലയില്‍ തിളക്കമാര്‍ന്ന ഒരധ്യായം എഴുതിച്ചേര്‍ക്കാന്‍ ശ്രീ. ഷംസീറിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.