കൊല്ലം കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സംഭവത്തില്‍ ദക്ഷിണമേഖലാ ഡിഐജി കൊല്ലം സിറ്റി പൊലീസ് കമ്മിഷണറോട് വിശദീകരണം തേടിയിട്ടുണ്ട്. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് ഡിഐജി ആര്‍ നിശാന്തിനി കമ്മിഷണര്‍ മെറിന്‍ ജോസഫിനോട് റിപ്പോര്‍ട്ട് തേടിയത്.
ഇതിനകം മൂന്ന് പൊലീസുകാരെ പ്രാഥമികാന്വേഷണത്തിനെ തുടര്‍ന്ന് സ്ഥലംമാറ്റിയിരുന്നു. കിളികൊല്ലൂര്‍ സ്റ്റേഷനിലെ എസ്‌ഐ അനീഷിനെ പാരിപ്പള്ളിയിലേക്കും സീനിയര്‍ സിപിഒമാരായ പ്രകാശ് ചന്ദ്രനെ ഇരവിപുരത്തേക്കും വി ആര്‍ ദിലീപിനെ അഞ്ചാലുംമൂട്ടിലേക്കുമാണ് സ്ഥലം മാറ്റിയത്. ആരോപണ വിധേയരായ പലര്‍ക്കെതിരെയും നടപടി സ്വീകരിക്കാത്തത് വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. ഇവര്‍ മൂന്ന് പേര്‍ മാത്രമല്ല, മറ്റ് ഉദ്യോഗസ്ഥരും തങ്ങളെ മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി സൈനികനും സഹോദരനും മജിസ്‌ട്രേറ്റിന് മൊഴിയും നല്‍കിയിരുന്നു. പൊലീസിന്റെ ക്രൂരതയും ഇരുവരും മജിസ്‌ട്രേറ്റിനു മുന്നില്‍ വിവരിച്ചു. ഇതിനു പിറകെയാണ് ഡിഐജിയുടെ ഇടപെടല്‍.