പരമ്പരാഗത കോഴ്സുകള്‍ക്കുപകരം പുതുതലമുറ കോഴ്സുകള്‍
തിരുവനന്തപുരം :
മാറുന്ന കാലത്തിനനുസരിച്ച് കേരളത്തെ ആധുനിക വൈജ്ഞാനിക സമൂഹമാക്കി വാര്‍ത്തെടുക്കാനുള്ള സമഗ്ര നിര്‍ദേശങ്ങളുമായി ദ്വിദിന ഉന്നത വിദ്യാഭ്യാസ സമ്മേളനത്തിന്(കൊളോക്വിയം)തുടക്കം. ഉന്നതപഠനമേഖലയില്‍ നൂതന കോഴ്‌സുകളും നാലുവര്‍ഷ ബിരുദവും കോണ്‍സ്റ്റിറ്റിയുവന്റ് കോളേജുകളും തുടങ്ങാന്‍ ചൊവ്വാഴ്ച ആരംഭിച്ച സമ്മേളനം തീരുമാനിച്ചു. സര്‍ക്കാര്‍ നിയോഗിച്ച മൂന്ന് വിദഗ്ധ കമീഷനുകളുടെ ശുപാര്‍ശകളാണ് രണ്ടുദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്യുന്നത്. നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ അടുത്ത അധ്യയനവര്‍ഷത്തില്‍ ആരംഭിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നാലുവര്‍ഷത്തില്‍ മൂന്നാംവര്‍ഷം കോഴ്സ് നിര്‍ത്താനുള്ള അവസരമുണ്ടാകും. ബിരുദാനന്തര ബിരുദവും ഗവേഷണവും ആഗ്രഹിക്കുന്നവര്‍ നാലാം വര്‍ഷംതന്നെ പിജി കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ തീരുമാനമെടുക്കണം. അതിന് അനുസൃതമായ രീതിയില്‍ പിജി സിലബസ്, കരിക്കുലം പരിഷ്‌കരണവും ശുപാര്‍ശയിലുണ്ട്.
മികച്ച സര്‍ക്കാര്‍ കോളേജുകളെ സര്‍വകലാശാല കേന്ദ്രങ്ങള്‍ക്ക് തത്തുല്യമാക്കി വികസിപ്പിക്കുന്ന കോണ്‍സ്റ്റിറ്റിയുവന്റ് കോളേജ് പ്രവൃത്തിപഥത്തില്‍ എത്തിക്കാനും നടപടി തുടങ്ങി. ഇവ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളാക്കും. കമീഷന്റെ പ്രധാന ശുപാര്‍ശകളില്‍ ഒന്നാണ് ഇത്.
പരമ്പരാഗത കോഴ്സുകള്‍ക്കു പകരം നിര്‍മിത ബുദ്ധി, ബ്ലോക്ചെയിന്‍ പോലെയുള്ള പുതുതലമുറ കോഴ്സുകളും ആരംഭിക്കും. ആദ്യം ഏഴു സര്‍വകലാശാലയില്‍ മൂന്നുവീതം നൂതന കോഴ്സുകള്‍ ആരംഭിക്കും. ഗവേഷണം ലഭ്യമാക്കിയുള്ള ബിരുദാനന്തര കോഴ്സുകള്‍ സര്‍വകലാശാല പഠനവകുപ്പുകളില്‍ ആരംഭിക്കണം. മൂല്യനിര്‍ണയത്തിന് ഹാജര്‍ മാനദണ്ഡമാക്കേണ്ടതില്ല. എല്ലാ കോളേജുകളിലും ഏകീകൃത ഗ്രേഡിങ് സംവിധാനം, യുജി, പിജി പ്രവേശനം ജൂണ്‍/ ജൂലൈയോടെ പൂര്‍ത്തിയാക്കണം, ടിസി നിര്‍ബന്ധമാക്കേണ്ടതില്ല, 5000 കോടിയുടെ കേരള ഹയര്‍ എഡ്യൂക്കേഷന്‍ ഫണ്ട് രൂപീകരിക്കുക തുടങ്ങി സമഗ്രമായ മാറ്റങ്ങളും ലക്ഷ്യമിടുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമ്പൂര്‍ണ പരിഷ്‌കരണത്തിലൂടെ വിജ്ഞാന സമ്പദ് വ്യവസ്ഥയായി കേരളത്തെയാകെ മാറ്റുമെന്ന എല്‍ഡിഎഫ് വാഗ്ദാനംകൂടിയാണ് ഇതിലൂടെ നടപ്പാകുന്നത്.
4 വര്‍ഷ ബിരുദം അടുത്ത അധ്യയന വര്‍ഷം മുതല്‍
സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അക്കാദമിക് ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. മുന്നൊരുക്കം പൂര്‍ത്തിയാക്കി 2023ല്‍ അത് നടപ്പാക്കാനാകണമെന്നും ഉദ്ഗ്രഥിത (ഇന്റഗ്രേറ്റഡ്) ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി കോഴ്സുകളെപ്പറ്റിയും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണത്തിന് നിയോഗിച്ച മൂന്ന് വിദഗ്ധ കമീഷന്‍ റിപ്പോര്‍ട്ടുകളില്‍ അഭിപ്രായങ്ങള്‍ തേടാന്‍ സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കൊളോക്വിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സര്‍വകലാശാലകളുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റമുണ്ടാകണം. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയും ലബോറട്ടറികളും ഉണ്ടാകണം. ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ദൂരസ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്ക് താമസസൗകര്യം ഉറപ്പാക്കും. ഇതിന് കേരള, എംജി, കുസാറ്റ്, കലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ഹോസ്റ്റല്‍ നിര്‍മിക്കാനുള്ള നടപടിയായിട്ടുണ്ട്. 1500 പുതിയ മുറി നിര്‍മിക്കും. ബജറ്റില്‍ 100 കോടി രൂപ ഇതിന് നീക്കിവച്ചു. ഓരോ സര്‍വകലാശാലയിലും 50 വീതം അന്താരാഷ്ട്ര സൗകര്യമുള്ള മുറിയുമുണ്ടാകും. നമ്മുടെ നാട്ടിലേക്കെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കും ഇതുപയോഗിക്കാം. 2024നകം പ്രവര്‍ത്തനം ആരംഭിക്കുകയാണ് ലക്ഷ്യം.
അഫിലിയേഷന്‍ അവസാനിപ്പിച്ച് ഘട്ടംഘട്ടമായി സംസ്ഥാനത്തെ കോളേജുകളെ കോണ്‍സ്റ്റിറ്റിയുവന്റ് കോളേജുകളാക്കി മാറ്റും. ആദ്യഘട്ടമായി സംസ്ഥാനത്തെ ഉന്നത നിലവാരമുള്ള 10 സര്‍ക്കാര്‍ കോളേജിനെയും പിന്നീട് മുഴുവന്‍ കോളേജുകളെയും ആ രീതിയില്‍ മാറ്റും. ഓരോ കോണ്‍സ്റ്റിറ്റിയുവന്റ് കോളേജും അക്കാദമിക് രംഗത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാകണം. ഗുണമേന്മയുള്ള പഠനം ഇവിടെനിന്ന് ലഭിക്കും. പ്രഗത്ഭരായ അധ്യാപകരുടെ സേവനവും ഗവേഷണത്തിനുള്ള അവസരവും ഉറപ്പാക്കും.
സര്‍വകലാശാല പരീക്ഷ മാറ്റിവയ്ക്കുന്നത് ഒഴിവാക്കണം. പ്രകൃതിക്ഷോഭങ്ങളുടെ സാഹചര്യത്തില്‍മാത്രം ഇത് തുടരാമെന്നുള്‍പ്പെടെ മികച്ച നിര്‍ദേശങ്ങളാണ് കമീഷന്‍ ശുപാര്‍ശ ചെയ്യുന്നത്. ജനകീയ ചര്‍ച്ചയിലൂടെ കേരള ഹയര്‍ എഡ്യൂക്കേഷന്‍ ഫ്രെയിംവര്‍ക്ക് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍സ്റ്റിറ്റിയുവന്റ് കോളേജ്
സര്‍വകലാശാലകളോട് കിടപിടിക്കുന്ന തരത്തില്‍ പഠന, ഗവേഷണ മേഖലകളില്‍ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവയാണ് കോണ്‍സ്റ്റിറ്റിയുവന്റ് കോളേജ്. ഉന്നതനിലവാരത്തിലുള്ള 10 സര്‍ക്കാര്‍ കോളേജിനെയാണ് ആദ്യഘട്ടത്തില്‍ കോണ്‍സ്റ്റിറ്റിയുവന്റ് കോളേജുകളാക്കി മാറ്റുക. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം മഹാരാജാസ്, പാലക്കാട് വിക്ടോറിയ , തലശേരി ബ്രണ്ണന്‍ തുടങ്ങിയവ ആദ്യ പരിഗണനയിലുണ്ട്. സര്‍വകലാശാല കേന്ദ്രങ്ങളുമായുള്ള നിരന്തര ബന്ധത്തിലൂടെ ഈ കോളേജുകള്‍ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രധാന കേന്ദ്രങ്ങളാകും. പ്രഗത്ഭരായ അധ്യാപകരെ നിയമിക്കും. അടിസ്ഥാന സൗകര്യവികസനത്തിന് കൃത്യമായ ഇടവേളകളില്‍ അധിക ധനസഹായം ലഭിക്കും. ചുറ്റുവട്ടത്തുള്ള കോളേജുകളെയും കോണ്‍സ്റ്റിറ്റിയുവന്റ് കോളേജുകളുമായി ബന്ധിപ്പിക്കും.