കൊച്ചി : യുവം പരിപാടിയില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത് ഊഷ്മളമായ വരവേല്‍പ്പ്. വൈകീട്ട് അഞ്ച് മണിയോടെ കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി റോഡ് ഷോയ്ക്കിടെ കാല്‍ നടയായാണ് തേവര സേക്രഡ് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടിലെത്തിയത്. പാതയുടെ ഇരുവശവും ജനങ്ങള്‍ മോദിയെ കാണാനായി തിങ്ങി നിറഞ്ഞിരുന്നു. പുഷ്പവൃഷ്ടി നടത്തിയും മോദിയെന്ന പേര് ആര്‍ത്ത് വിളിച്ചും ജനങ്ങള്‍ സന്തോഷം പങ്കുവച്ചു. കൊച്ചി നല്‍കിയ പകരംവയ്ക്കാനാകാത്ത സ്നേഹത്തിന്റെ വിഡിയോ മോദി തന്നെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.
സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി 8 വരെ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.
രാത്രി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് മലബാര്‍ ഹോട്ടലില്‍ തങ്ങുന്ന പ്രധാനമന്ത്രി അവിടെവച്ച് സംസ്ഥാനത്തെ പ്രമുഖ ക്രൈസ്തവ സഭാ അധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തി.