കൊച്ചി
സംസ്ഥാന സര്‍ക്കാരിന്റെ വികസനക്ഷേമ പദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്നങ്ങളറിയാനുമായി മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും 140 മണ്ഡലങ്ങളിലുമെത്തിയ നവകേരള സദസ്സിന്റെ അവസാന വേദികളിലും ജനസാഗരം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണംമൂലം മാറ്റിവച്ച ഡിസംബര്‍ ഒമ്പതിലെ നാലു സദസ്സുകളാണ് രണ്ടുദിവസങ്ങളിലായി പൂര്‍ത്തിയായത്. ചെറിയ ഇടവേളയ്ക്കുശേഷമായിരുന്നിട്ടും തൃക്കാക്കര, പിറവം, തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലെ സദസ്സുകള്‍ ജനപങ്കാളിത്തത്തിന്റെ മഹോത്സവങ്ങളായി.
ചൊവ്വ രാവിലെ 10 മുതല്‍തന്നെ തൃപ്പൂണിത്തുറ മണ്ഡലം സദസ്സിന് വേദിയായ പുതിയകാവ് ക്ഷേത്ര മൈതാനം ആവേശത്തിലായിരുന്നു. 10 കൗണ്ടറുകളില്‍ നിവേദനം സമര്‍പ്പിക്കാന്‍ വന്‍ ജനാവലി എത്തി. ഭിന്നശേഷിക്കാരും സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും പ്രത്യേക കൗണ്ടറുകള്‍ പ്രയോജനപ്പെടുത്തി. ഉച്ചയോടെ ക്ഷേത്രമൈതാനത്തെ കൂറ്റന്‍ പന്തല്‍ നിറഞ്ഞു. അരങ്ങിന് ഉണര്‍വായി കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍. മൂന്നിന് പൊതുയോഗത്തില്‍ മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ എന്‍ ബാലഗോപാല്‍, കെ രാജന്‍ എന്നിവര്‍ സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ വിശദീകരിച്ചു. നാലോടെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വേദിയിലേക്ക് എത്തിയതോടെ ആവേശം ഉച്ചസ്ഥായിയിലായി.
തുടര്‍ന്ന് കുന്നത്തുനാട് മണ്ഡലം സദസ്സ് നടക്കുന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഗ്രൗണ്ടിലേക്ക് മന്ത്രിസഭ എത്തുന്നതിനുമുമ്പേ മൈതാനം ജനനിബിഡമായിരുന്നു. രാവിലെമുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു. മൂന്നോടെ കലാപരിപാടികള്‍ തുടങ്ങി. മന്ത്രിമാരായ വി എന്‍ വാസവന്‍, വീണാ ജോര്‍ജ്, കെ ബി ഗണേഷ്‌കുമാര്‍ എന്നിവരുടെ പ്രസംഗം പൂര്‍ത്തിയാകുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ജനാരവത്തിലൂടെ വേദിയിലെത്തി. കാവടി ഘോഷയാത്രയോടൊപ്പം ആര്‍പ്പുവിളികളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടി ആവേശം നൂറുമടങ്ങാക്കി.