INDIA

95 ന്റെ നിറവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍: 'സ്റ്റേഷന്‍ മഹോത്സവ്'


20.Nov.2026
തിരുവനന്തപുരം :

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ 95-ാം വാര്‍ഷികത്തിന്റെ ഭാഗമായി 'സ്റ്റേഷന്‍ മഹോത്സവ്' എന്ന പേരില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. റെയില്‍വേ ഉദ്യോഗസ്ഥരും ജീവനക്കാരും വിദ്യാര്‍ത്ഥികളും റെയില്‍വേ സ്‌നേഹികളും പൊതുജനങ്ങളും പങ്കെടുത്ത ചടങ്ങ്, സ്റ്റേഷന്റെ ഒരു നൂറ്റാണ്ടോളമുള്ള സേവനത്തെയും തിരുവനന്തപുരം നഗരചരിത്രത്തിലെ അതിന്റെ പ്രാധാന്യത്തെയും ഓര്‍മ്മിക്കുന്നതായി മാറി.

സെന്റ് ജോണ്‍സ് ആംബുലന്‍സ് ബാന്‍ഡിന്റെ അകമ്പടിയില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ (RPF) നേതൃത്വത്തിലുള്ള ഫ്‌ലാഗ് മാര്‍ച്ചോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തിരുവനന്തപുരം സെന്‍ട്രലിന്റെ പ്രൗഢിയും നഗര വികസനത്തിലെ അതിന്റെ പങ്കും അടയാളപ്പെടുത്തി ആകാശത്തേക്ക് ബലൂണുകള്‍ പറത്തിവിട്ടു. തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍  ദിവ്യകാന്ത് ചന്ദ്രകാര്‍ റിബണ്‍ മുറിച്ച് പ്രത്യേകമായി സജ്ജീകരിച്ച ബലൂണ്‍ ആര്‍ച്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 1931 നവംബര്‍ 4-ന് ഉദ്ഘാടനം ചെയ്തതു മുതല്‍ സ്റ്റേഷന്‍ കൈവരിച്ച ശ്രദ്ധേയമായ വളര്‍ച്ചയെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. ഒരു പ്ലാറ്റ്ഫോമും പ്രതിദിനം രണ്ട് ട്രെയിന്‍ സര്‍വീസുകളും മാത്രമായി ആരംഭിച്ച തിരുവനന്തപുരം സെന്‍ട്രല്‍ ഇന്ന് കേരളത്തിലെ പ്രധാന റെയില്‍വേ ടെര്‍മിനലുകളിലൊന്നായി വളര്‍ന്നു. കേരളത്തിലുടനീളവും തെക്കന്‍ തമിഴ്നാട്ടിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് പ്രധാന യാത്രാ കേന്ദ്രമായി സ്റ്റേഷന്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേഷനില്‍ നടന്നുവരുന്ന പുനര്‍വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളും ആധുനിക അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ പുതിയൊരു യുഗത്തിന് തുടക്കമിടുന്നതാണ് പദ്ധതി. സ്റ്റേഷന്റെ തനതായ വാസ്തുവിദ്യാ പൈതൃകം നിലനിര്‍ത്തിക്കൊണ്ട് തന്നെ, ലോകനിലവാരത്തിലുള്ള സൗകര്യങ്ങള്‍, മികച്ച പ്രവേശനക്ഷമത, മെച്ചപ്പെട്ട യാത്രാസൗകര്യങ്ങള്‍ എന്നിവയോടുകൂടിയ ആധുനിക റെയില്‍വേ ടെര്‍മിനലായി തിരുവനന്തപുരം സെന്‍ട്രലിനെ മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റേഷന്റെ ചരിത്രവും പരിണാമവും വ്യക്തമാക്കുന്ന പ്രദര്‍ശനവും റെയില്‍വേ പൈതൃക വസ്തുക്കളുടെ പ്രത്യേക പ്രദര്‍ശനവുമായിരുന്നു 'സ്റ്റേഷന്‍ മഹോത്സവ'ത്തിന്റെ പ്രധാന ആകര്‍ഷണം. 95-ാം വാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി പ്രത്യേക സ്റ്റേഷന്‍ മഹോത്സവ് കാര്‍ഡുകളും വിതരണം ചെയ്തു. തിരുവനന്തപുരം എസ്.എം.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വോളണ്ടിയര്‍മാരും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. ഭക്ഷ്യമേളയും വിവിധ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകി. 

ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ (എന്‍വയോണ്‍മെന്റ് & ഹെല്‍ത്ത് മാനേജ്‌മെന്റ്) ശ്രീ അമെയ് ബണ്ട്ഗര്‍ സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം അസിസ്റ്റന്റ് ഹെല്‍ത്ത് ഓഫീസര്‍  അബ്ദുല്‍ നിസാര്‍ കൃതജ്ഞത രേഖപ്പെടുത്തി.

Last Update: 19/11/2026
SHARE THIS PAGE!
MORE IN NEWS