INDIA

കുട്ടികളുടെ സമഗ്രമായ ആദ്യകാല വളര്‍ച്ച: ശ്രദ്ധേയമായി യുണിസെഫ് മാധ്യമ ശില്‍പശാല


04.Nov.2026


തിരുവനന്തപുരം

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും യുണിസെഫും സംയുക്തമായി 'കുട്ടികളുടെ സമഗ്രമായ ആദ്യകാല വളര്‍ച്ച' എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. 

യുണിസെഫ് കമ്മ്യൂണിക്കേഷന്‍സ് സ്‌പെഷ്യലിസ്റ്റ് ശ്യാം സുധീര്‍ ബണ്ടി ആമുഖ പ്രഭാഷണം നടത്തി. ആരോഗ്യ വെല്ലുവിളികള്‍ കുടുംബങ്ങള്‍ക്ക് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ ഗവണ്‍മെന്റുകള്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡിസബിലിറ്റി റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമങ്ങള്‍ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കണമെന്നും  ശ്യാം സുധീര്‍ ബണ്ടി അഭിപ്രായപ്പെട്ടു.

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളെ തിരിച്ചറിയുന്നതിലും ഫലപ്രദമായി ഇടപെടുന്നതിലും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി ഐ ഐ എസ് പറഞ്ഞു. സമൂഹത്തില്‍ സഹാനുഭൂതി വളര്‍ത്തുന്നതിലും മാധ്യമങ്ങള്‍ക്ക് ഇടപെടാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശില്പശാലയില്‍ ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവ് ഇന്ത്യ നെറ്റ്‌വര്‍ക്ക് പരിശീലകനും എ.ഐ. വിദഗ്ധനുമായ മുരളീകൃഷ്ണ ചിന്നദുരൈ, ഫലപ്രദമായ കഥാഖ്യാനത്തിന് നിര്‍മിതബുദ്ധിയുടെ ഉപയോഗം (Using AI for Effective Storytelling) എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.

UNICEF ഇന്ത്യയിലെ ആരോഗ്യ വിഭാഗം മേധാവിയും കമ്മ്യൂണിക്കേഷന്‍സ് സ്‌പെഷ്യലിസ്റ്റുമായ ഡോ. വിവേക് വീരേന്ദ്ര സിങ് കുട്ടികളുടെ സമഗ്രമായ ആദ്യകാല വളര്‍ച്ച (Itnroduction to Inclusive ECD) എന്ന വിഷയം പരിചയപ്പെടുത്തി. 

തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ദീപ ഭാസ്‌കരന്‍ സ്‌പെക്ട്രം വൈകല്യങ്ങളുള്ള കുട്ടികളുടെ രക്ഷാകര്‍തൃത്വ (Parenting children with Spetcrum Disabilities) ത്തെക്കുറിച്ച് സംസാരിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആരോഗ്യസംവിധാനം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് (Building an inclusive Health Systems)  കേരള ഗവണ്‍മെന്റിന്റെ ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ എസ്. ഫെറ്റില്‍ ആശയവിനിമയം നടത്തി. 

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയറക്ടര്‍ പാര്‍വതി വി. ഐ.ഐ.എസ് കൃതജ്ഞത രേഖപ്പെടുത്തി. 

കുട്ടികളുടെ സമഗ്രമായ ആദ്യകാല വളര്‍ച്ച ഉറപ്പാക്കുന്നതിനും വികസന കാലതാമസങ്ങളും വൈകല്യങ്ങളും നേരത്തേ തിരിച്ചറിഞ്ഞ് ആവശ്യമായ പരിചരണവും പിന്തുണയും ലഭ്യമാക്കുന്നതിനും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.


Last Update: 04/11/2026
SHARE THIS PAGE!
MORE IN NEWS