തിരുവനന്തപുരത്ത് നടന്ന പാര്‍ലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷന്മാരുടെ സമ്മേളനത്തിന്റെ സമാപന സമ്മേളനം ലോക്സഭാ സ്പീക്കര്‍ അഭിസംബോധന ചെയ്തു.
കൂടുതല്‍ ഫലപ്രദമായ നിയമനിര്‍മ്മാണ മേല്‍നോട്ടത്തിനായി ഓഡിറ്റിലും മൂല്യനിര്‍ണ്ണയത്തിലും ശക്തമായ സംവിധാനം വികസിപ്പിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കണം: ലോക്സഭാ സ്പീക്കര്‍
തിരുവനന്തപുരം, 2026 നവംബര്‍ 4: ഇന്ത്യയിലെ പാര്‍ലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷന്മാരുടെ ദ്വിദിന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ന് തിരുവനന്തപുരത്ത് നടന്ന സമാപനച്ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തവേ, ലോക്സഭാ സ്പീക്കര്‍ ശ്രീ ഓം ബിര്‍ള നിയമനിര്‍മാണ സമിതികളുടെ പ്രവര്‍ത്തനത്തില്‍ സാങ്കേതിക വിദ്യയുടെ കൂടുതല്‍ സംയോജനം വേണമെന്ന് ആഹ്വാനം ചെയ്തു. പാര്‍ലമെന്റിലെ സമിതികള്‍ക്ക് ലഭ്യമായ പ്ലാറ്റ്ഫോമിന്റെ മാതൃകയില്‍ സംസ്ഥാന നിയമസഭകള്ക്കായി ഒരു ഏകീകൃത ഡിജിറ്റല്‍ 'ഓഡിറ്റ് മോണിറ്ററിംഗ് പ്ലാറ്റ്ഫോം' രൂപീകരിക്കണമെന്ന് നിര്‍ദേശിച്ച അദ്ദേഹം, ഓഡിറ്റ് നിരീക്ഷണങ്ങള്‍ ചിട്ടയായി നിരീക്ഷിക്കുന്നതിനും തുടര്‍നടപടികള്‍ ശക്തിപ്പെടുത്തുന്നതിനും ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി പരിശോധിച്ച് തീര്‍പ്പാക്കുന്നതിനും ഇത് സഹായിക്കുമെന്ന് പറഞ്ഞു.
സാങ്കേതികവിദ്യ സ്ഥാപനപരമായ മാറ്റത്തിനുള്ള ഉപകരണമായി മാറണമെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, ഡിജിറ്റല്‍ നവീകരണങ്ങള്‍ സ്വീകരിക്കുന്നത് നിയമനിര്‍മ്മാണ മേല്‍നോട്ടത്തിന്റെ കാര്യക്ഷമതയും സുതാര്യതയും ഫലപ്രാപ്തിയും ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി. അതേസമയം, സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്കിയ അദ്ദേഹം, സാങ്കേതിക പുരോഗതി എല്ലായ്പ്പോഴും മാനുഷിക മൂല്യങ്ങളിലും വിവേകത്തിലും സംവേദനക്ഷമതയിലും അധിഷ്ഠിതമായിരിക്കണമെന്ന് നിരീക്ഷിച്ചു. സ്ഥാപനങ്ങളുടെ ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുന്നതിനും തീരുമാനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സാങ്കേതികവിദ്യ സഹായിക്കണം. എന്നാല്‍ മനുഷ്യന്റെ വിവേചനബുദ്ധിക്കും വിലയിരുത്തല്ശേഷിക്കും പകരമാകാന്‍ അതിന് ഒരിക്കലും കഴിയില്ല. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ സൃഷ്ടിക്കപ്പെടുകയും ലഭ്യമാക്കുകയും ചെയ്യുന്ന വിവരങ്ങളുടെ കൃത്യത, ആധികാരികത, നിഷ്പക്ഷത എന്നിവ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. സാങ്കേതികവിദ്യാധിഷ്ഠിത ഭരണത്തിന്റെ വിശ്വാസ്യത ആത്യന്തികമായി തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഉപയോഗിക്കുന്ന വിവരങ്ങളുടെ വിശ്വസനീയതയെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.
ലോക്സഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷന്‍ കെ. സി. വേണുഗോപാല്‍ സമ്മേളനത്തില്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പരാമര്‍ശിച്ച ലോക്സഭാ സ്പീക്കര്‍, തുടര്‍ച്ചയായ പരിശോധനയും ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കലും സംബന്ധിച്ച പൊതുവായ വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും സമിതികള്‍ സംയുക്തമായി സമഗ്രമായ ഓഡിറ്റ്വിലയിരുത്തല് സംവിധാനം രൂപപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു. ഏകോപിതമായ സ്ഥാപനസംവിധാനം കൂടുതല്‍ സഹകരണം വളര്‍ത്തുന്നതിനും അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും രാജ്യത്തുടനീളമുള്ള പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളുടെ കൂട്ടായ ശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.
പൊതുജനങ്ങളുടെ പണം ചെലവഴിക്കുന്നതില്‍ സുതാര്യത ഉറപ്പാക്കുന്നതില്‍ പി.എ.സികളുടെ ഒഴിച്ചുകൂടാനാവാത്ത പങ്ക് അടിവരയിട്ട അദ്ദേഹം, കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (CAG) സ്വതന്ത്രവും നിഷ്പക്ഷവുമായ ഓഡിറ്റുകള്‍ നടത്തുമ്പോള്‍, ഓഡിറ്റ് കണ്ടെത്തലുകള്‍ പരിശോധിക്കുകയും വിശദമായ വസ്തുതാപരമായ പരിശോധന നടത്തുകയും സമിതിയുടെ ശുപാര്‍ശകളില്‍ ഫലപ്രദമായ തുടര്‍നടപടികള്‍ ഉറപ്പാക്കുകയും ചെയ്യുന്ന നിര്‍ണ്ണായക ചുമതല പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികള്‍ക്കാണ് ഉള്ളതെന്ന് പറഞ്ഞു. ഓഡിറ്റ് നിരീക്ഷണങ്ങള്‍ കേവലം റിപ്പോര്‍ട്ടുകളിലും രേഖകളിലും ഒതുങ്ങിനില്‍ക്കരുത്; അവ അനുയോജ്യമായ തിരുത്തല്‍ നടപടികളായും ഭരണപരമായ പ്രവര്‍ത്തനങ്ങളിലെ പ്രകടമായ മെച്ചപ്പെടുത്തലുകളായും മാറണം. ഭരണനിര്‍വ്വഹണ വിഭാഗം (Executive) ഈ സമിതികളുടെ ശുപാര്‍ശകള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുകയും അവ സമയബന്ധിതമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
പാര്‍ലമെന്റിന്റെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുടെയും പി.എ.സി ചെയര്‍പേഴ്സണ്‍മാരുടെ സമ്മേളനത്തില്‍ അംഗീകരിച്ച 'കേരളം പ്രമേയം' (Keralam Resolution) വരും വര്‍ഷങ്ങളില്‍ ഈ പ്രധാനപ്പെട്ട പാര്ലമെന്ററിനിയമസഭാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന വഴികാട്ടിയായും ദീര്‍ഘവീക്ഷണമുള്ള ഒരു റോഡ്മാപ്പായും വര്‍ത്തിക്കുമെന്ന് അദ്ദേഹം കുറിച്ചു. സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന സമ്പന്നമായ ചര്‍ച്ചകളും കൂട്ടായ വിവേകവും ശുപാര്‍ശകളും പ്രായോഗിക നടപടികളിലൂടെ അര്‍ത്ഥവത്തായ രൂപം പ്രാപിക്കണമെന്ന് അദ്ദേഹം നിരീക്ഷിച്ചു. സാമ്പത്തിക അച്ചടക്കം ശക്തിപ്പെടുത്തുക, സ്ഥാപനപരമായ ശേഷി വര്‍ദ്ധിപ്പിക്കുക, കേന്ദ്രസംസ്ഥാന തലങ്ങളില്‍ ഭരണനിര്‍വ്വഹണം കൂടുതല്‍ സുതാര്യവും ജനകീയവും ഫലപ്രാപ്തിയിലധിഷ്ഠിതവുമാക്കുക എന്നിവയായിരിക്കണം അന്തിമ ലക്ഷ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതിലെ ശുപാര്‍ശകള്‍ നിയമസഭയുടെയും ഭരണനിര്‍വ്വഹണ വിഭാഗത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ അര്‍ത്ഥവത്തായി പ്രതിഫലിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, പ്രമേയത്തിന്റെ ഫലപ്രദമായ നടപ്പാക്കല്‍ ജനാധിപത്യ സ്ഥാപനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പൊതുജനവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും നിയമനിര്‍മ്മാണ മേല്‍നോട്ടത്തിന്റെ ഗുണനിലവാരം കൂട്ടുമെന്നും പ്രസ്താവിച്ചു.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹിക ക്ഷേമം, ഗ്രാമീണ വികസനം തുടങ്ങിയ സുപ്രധാന മേഖലകളില്‍ പൊതു നിക്ഷേപത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചുവരുന്നത് പൊതു ഫണ്ടുകളുടെ വിവേകപൂര്‍ണ്ണവും ലക്ഷ്യാധിഷ്ഠിതവുമായ വിനിയോഗം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം കൂടുതല്‍ പ്രധാനപ്പെട്ടതാക്കിയിട്ടുണ്ടെന്ന് ലോക്സഭാ സ്പീക്കര്‍ പറഞ്ഞു. പൊതുജനങ്ങളുടെ ഓരോ രൂപയും കൃത്യമായി കണക്കു കാണിക്കുകയും ഏത് ആവശ്യത്തിനാണോ അനുവദിച്ചത് അതിനായി മാത്രം വിനിയോഗിക്കുകയും വേണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
അതുകൊണ്ടുതന്നെ, നിയമനിര്‍മ്മാണ മേല്‍നോട്ടം ചെലവഴിച്ച തുക പരിശോധിക്കുന്നതിനപ്പുറം, പൊതു ഫണ്ടുകള്‍ ഉദ്ദേശിച്ച ആനുകൂല്യങ്ങള്‍ നല്കുന്നുണ്ടോ എന്നും പൗരന്മാരുടെ ജീവിതത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടോ എന്നും വിലയിരുത്തണമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഗവണ്മെന്റ് പ്രോഗ്രാമുകളുടെയും പദ്ധതികളുടെയും മൂല്യനിര്‍ണ്ണയത്തില്‍ അവയുടെ തുടര്‍ച്ച, ഗുണനിലവാരം, സമയബന്ധിതമായ നടപ്പാക്കല്‍, യഥാര്‍ത്ഥ ഫലപ്രാപ്തി എന്നിവ ഉള്‍പ്പെടണമെന്ന് അദ്ദേഹം കൂടുതല്‍ ഊന്നിപ്പറഞ്ഞു. സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കലാകട്ടെ, നിശ്ചിത സമയപരിധിക്കുള്ളില്‍ പദ്ധതികള്‍ പൂര്ത്തിയാക്കലാകട്ടെ, അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ക്ഷേമാനുകൂല്യങ്ങള്‍ സമയബന്ധിതമായി എത്തിക്കലാകട്ടെ, പൊതുസേവന വിതരണത്തിന്റെ ഓരോ വശവും വ്യവസ്ഥാപിതമായ പരിശോധനയ്ക്കും മൂല്യനിര്‍ണ്ണയത്തിനും വിധേയമാക്കണം. വകുപ്പുതല സ്റ്റാന്‍ഡിങ് കമ്മിറ്റികളും ഇക്കാര്യത്തില്‍ പ്രധാനപ്പെട്ട വിലയിരുത്തലുകള്‍ നടത്തുന്നുണ്ടെങ്കിലും സാമ്പത്തിക ഔചിത്യവും പൊതുചെലവിലെ ഉത്തരവാദിത്തവും ഉറപ്പാക്കുന്നതില്‍ പ്രത്യേകിച്ച് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് നിര്‍ണായക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.
സ്ഥാപനപരമായ ശേഷി ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ബിര്‍ള, വേഗത്തിലുള്ള സാങ്കേതിക മാറ്റങ്ങളുടെ ഈ യുഗത്തില്‍ സി.എ.ജി, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിരന്തരമായ ശേഷി വര്‍ദ്ധനവും പ്രൊഫഷണല്‍ വികസനവും അത്യാവശ്യമാണെന്ന് പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങളും സംസ്ഥാന നിയമസഭാംഗങ്ങളും തങ്ങളുടെ മേല്‍നോട്ട ഉത്തരവാദിത്തങ്ങളില്‍ പുതിയ സാങ്കേതികവിദ്യകള്‍ മനസ്സിലാക്കാനും ഫലപ്രദമായി ഉപയോഗിക്കാനുമുള്ള ആവശ്യമായ അറിവും വൈദഗ്ധ്യവും ഉള്ളവരായിരിക്കണം. ക്രമമായ പരിശീലനം, പുതിയ ടൂളുകളുമായുള്ള പരിചയം, പ്രൊഫഷണല്‍ വൈദഗ്ധ്യം പങ്കുവെക്കല്‍ എന്നിവ പരിശോധനയുടെയും നിരീക്ഷണത്തിന്റെയും മൂല്യനിര്‍ണ്ണയത്തിന്റെയും ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം കുറിച്ചു.
പാര്‍ലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികള്‍ക്കിടയില്‍ പതിവായി യോഗങ്ങളും സമ്മേളനങ്ങളും അനുഭവങ്ങള്‍ പങ്കുവെക്കലും വ്യവസ്ഥാപിതമാക്കാന്‍ ലോക്സഭാ സ്പീക്കര്‍ ആഹ്വാനം ചെയ്തു. വിവിധ സംസ്ഥാനങ്ങള്‍ വികസിപ്പിച്ച വിജയിച്ച രീതികള്‍, നൂതനമായ സമീപനങ്ങള്‍, സാങ്കേതിക പരിഹാരങ്ങള്‍ എന്നിവ പങ്കുവെക്കുന്നത് മികച്ച പഠന അവസരങ്ങള്‍ നല്‍കുമെന്നും രാജ്യത്തുടനീളമുള്ള സമിതികള്‍ക്ക് ഫലപ്രദമായ മാതൃകകള്‍ സ്വീകരിക്കാനും പിന്തുടരാനും സഹായിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. 27 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയും തങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും കൊണ്ട് ചര്‍ച്ചകളെ സമ്പന്നമാക്കുകയും ചെയ്തതായി ചൂണ്ടിക്കാണിച്ച അദ്ദേഹം, ശക്തവും കൂടുതല്‍ ഫലപ്രദവുമായ നിയമനിര്‍മ്മാണ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് ഇത്തരം കൂട്ടായ ഇടപെടലുകള്‍ അത്യാവശ്യമാണെന്ന് പറഞ്ഞു.
സമ്മേളനത്തിലെ ചര്‍ച്ചകളെയും 'കേരളം പ്രമേയ'ത്തെയും സുസ്ഥിരമായ സ്ഥാപനപരമായ പ്രവര്‍ത്തനങ്ങളാക്കി മാറ്റുന്നതിലാണ് സമ്മേളനത്തിന്റെ യഥാര്‍ത്ഥ പ്രാധാന്യം കുടികൊള്ളുന്നതെന്ന് ബിര്‍ള പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയുടെയും വിവരസാങ്കേതിക പരിശോധനകളുടെയും ഫലപ്രദമായ തുടര്‍നടപടി സംവിധാനങ്ങളുടെയും പിന്‍ബലമുള്ള ശക്തമായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികള്‍ പൊതുവിഭവങ്ങള്‍ വിവേകത്തോടെയും ശുദ്ധതയോടെയും വ്യക്തമായ പൊതുലക്ഷ്യത്തോടെയും വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ ഗണ്യമായ സംഭാവന നല്‍കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പൊതുപണത്തിന്റെ ഫലപ്രദമായ ഉത്തരവാദിത്തം ഉറപ്പാക്കാന്‍ മാറുന്ന കാലത്തിനനുസരിച്ച് പിഎസികള്‍ വികസിക്കണം: കെ. സി. വേണുഗോപാല്‍
പൊതുപണം കൂടുതല്‍ സങ്കീര്‍ണമായ മാര്‍ഗങ്ങളിലൂടെ വിനിയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ ഉത്തരവാദിത്തം ഉറപ്പാക്കാന്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികള്‍ (പിഎസികള്‍) മാറുന്ന കാലത്തിനനുസരിച്ച് വികസിക്കേണ്ടതുണ്ടെന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷന്‍ ഊന്നിപ്പറഞ്ഞു. നിയമസഭകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന ഓഡിറ്റ് കണ്ടെത്തലുകളെ അര്‍ത്ഥവത്തായ ഉത്തരവാദിത്തങ്ങളാക്കി മാറ്റുന്നത് പി.എ.സികളാണെന്ന് നിരീക്ഷിച്ച അദ്ദേഹം, പൊതു പദ്ധതികളുടെ സമയബന്ധിതമായ ഓഡിറ്റും ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സഭകളില്‍ ഉടനടി സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിച്ചു. മന്ത്രാലയങ്ങളില്‍ നിന്നും വകുപ്പുകളില്‍ നിന്നുമുള്ള വൈകിയുള്ളതും അപൂര്‍ണ്ണവുമായ മറുപടികളില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ഭരണനിര്‍വ്വഹണ വിഭാഗം പൂര്‍ണ്ണമായ മറുപടികള്‍ ഉടനടി നല്‍കണമെന്ന് ആവശ്യപ്പെട്ടു.
പിഎസികളുടെ പ്രവര്‍ത്തനം ജനങ്ങളിലേക്ക് എത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുന്നതിനായി പാര്‍ലമെന്റിലും ഓരോ സംസ്ഥാന നിയമസഭയിലും കുറഞ്ഞത് ഒരു പിഎസി റിപ്പോര്‍ട്ടെങ്കിലും ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് നിര്‍ദേശിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പരിശോധിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ മികച്ച ഏകോപനം വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഈ പദ്ധതികള്‍ക്കായി കേന്ദ്രസംസ്ഥാന പി.എ.സികള്‍ തമ്മില്‍ പ്രതിവര്‍ഷം കുറഞ്ഞത് ഒരു യോഗമെങ്കിലും സംഘടിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു. പ്രത്യേക വൈദഗ്ധ്യമുള്ള ജീവനക്കാര്‍, പരിശീലനം, ശേഷിവര്‍ധന എന്നിവയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഓഡിറ്റ് ഖണ്ഡികകളുടെയും സ്വീകരിച്ച നടപടികളുടെയും പുരോഗതി നിരീക്ഷിക്കുന്നതിനുള്ള ഡാഷ്ബോര്‍ഡ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യയുടെ കൂടുതല്‍ ഉപയോഗത്തിനും ആഹ്വാനം ചെയ്തു.
കേരള നിയമസഭാ സ്പീക്കര്‍, കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍, കേരള പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
'ഓഡിറ്റ്, ഉത്തരവാദിത്തം, സദ്ഭരണം ; പിഎസിയുടെ മാറിവരുന്ന പങ്ക്' എന്ന വിഷയത്തില്‍ നടന്ന ദ്വിദിന സമ്മേളനത്തില്‍ വിപുലവും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ നടന്നു. സാമ്പത്തിക മേല്‍നോട്ടം ശക്തിപ്പെടുത്തല്‍, ഓഡിറ്റ് റിപ്പോര്‍ട്ടുകളിലെ തുടര്‍നടപടി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍, സാങ്കേതിക നൂതനാശയങ്ങള്‍ സ്വീകരിക്കല്‍, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളുടെ സ്ഥാപനപരമായ കാര്യക്ഷമത വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കായിരുന്നു പ്രത്യേക ഊന്നല്‍.