ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് സൈക്കോളജിക്കല്‍ വെല്‍ബീയിങ് ക്യാമ്പയിന്‍ മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കുട്ടികളിലെയും കൗമാരക്കാരിലെയും മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും ആത്മഹത്യാ പ്രതിരോധത്തിനുമായി ശാസ്ത്രീയവും സാങ്കേതികവുമായ സംവിധാനങ്ങള്‍ ഏകോപിപ്പിച്ച് ശക്തമായ ഇടപെടല്‍ നടത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് വനിതാ ശിശു വികസനവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെയും സ്‌റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് സൈക്കോളജിക്കല്‍ വെല്‍ബീയിങ് ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും പരിശീലന പരിപാടിയും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍, കുട്ടികളുടെ മാനസിക വെല്ലുവിളികള്‍ പരിഹരിക്കുന്നതിനായി ഒരു മാസം നീളുന്ന ബോധവല്‍ക്കരണ ക്യാമ്പയിനാണ് തുടക്കമാകുന്നത്. ''സംഭാഷണം ആരംഭിക്കാം, സംസാരിക്കാം, കേള്‍ക്കാം, പിന്തുണയ്ക്കാം'' എന്നതാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കുട്ടികളുടെ പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കി തുടര്‍ച്ചയായ പിന്തുണ ഉറപ്പാക്കാന്‍ ഇത്തരം ദീര്‍ഘകാല പദ്ധതികള്‍ അനിവാര്യമാണ്. ഒരു മാസത്തെ ക്യാമ്പയിന്‍ എന്നതിലുപരി, സര്‍ക്കാരിന്റെ ഫഌഗ്ഷിപ്പ് പ്രോജക്റ്റായി ഉള്‍പ്പെടുത്തി, അഞ്ചുവര്‍ഷത്തെ സമഗ്ര പദ്ധതിയായി ഇതിനെ വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മറ്റ് കുട്ടികളുമായി താരതമ്യം ചെയ്തുള്ള അമിത പഠനസമ്മര്‍ദ്ദം കുട്ടികളില്‍ വലിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്ന ബോധ്യം കുട്ടികളില്‍ വളര്‍ത്താന്‍ രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ശ്രദ്ധിക്കണം. പുതിയ സാമൂഹിക സാഹചര്യത്തില്‍ കുടുംബബന്ധങ്ങളിലെ ആശയവിനിമയക്കുറവുകള്‍ പരിഹരിക്കാന്‍ സംസാരിക്കാനും കേള്‍ക്കാനും തയാറാകുന്ന അന്തരീക്ഷം വീടുകളില്‍ ഉണ്ടാകണം. കുട്ടികളോട് തുറന്നു സംസാരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാനും മുതിര്‍ന്നവര്‍ സമയം കണ്ടെത്തണം. ഓരോ കുട്ടിയെയും കേള്‍ക്കുന്നതിന്റെയും ശ്രദ്ധിക്കുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും ഒരു സംസ്‌കാരം സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും മന്ത്രി ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
വനിതാശിശു വികസന വകുപ്പിന്റെ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി അധ്യാപകര്‍, ഒആര്‍സി നോഡല്‍ അധ്യാപകര്‍, സൈക്കോസോഷ്യല്‍ കൗണ്‍സലര്‍മാര്‍, കെയര്‍ടേക്കര്‍മാര്‍, മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും. രക്ഷാകര്‍തൃപങ്കാളിത്ത വാരത്തില്‍ പോസിറ്റീവ് പാരന്റിംഗ്, കുട്ടികളുമായുള്ള ആശയവിനിമയം, ഡിജിറ്റല്‍ പാരന്റിംഗ്, പഠനസമ്മര്‍ദ്ദം, കൗമാരപ്രായത്തിലെ പെരുമാറ്റ മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംവാദങ്ങള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 10ലെ ലോക മാനസികാരോഗ്യ ദിനത്തില്‍ കുട്ടികളുടെ ശബ്ദത്തിനും അനുഭവങ്ങള്‍ക്കും ഇടം നല്‍കുകയും മികച്ച മാതൃകകള്‍ പങ്കുവയ്ക്കുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്യും. നിലവില്‍ 1,227 സ്‌കൂളുകളില്‍ ഒആര്‍സി പ്രവര്‍ത്തിക്കുന്നുണ്ട്.
ചടങ്ങില്‍ വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ഷീബാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. വകുപ്പ് ഡയറക്ടര്‍ വി. വിഘ്‌നേശ്വരി, വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്‍. ക്ലീറ്റസ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം മേധാവി ഡോ. അനില്‍ കുമാര്‍ ടി.വി., വനിതാ ശിശുവികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, സ്‌റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി പ്രോഗ്രാം മാനേജര്‍ കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ സംസാരിച്ചു.