ആരോഗ്യകരമായ മത്സരമാണ് കലോത്സവ വേദികളില്‍ അരങ്ങേറേണ്ടതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇരുപത്തി അഞ്ച് വേദികളില്‍ 249 മത്സരയിനങ്ങളിലായി 15000 ത്തോളം കലാ പ്രതിഭകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. മത്സരങ്ങള്‍ സുഗമമായി നടത്താനും സമയക്രമം പാലിക്കാനും വേണ്ട എല്ലാ നടപടികളും പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. മത്സരത്തിനായി എത്തിയിട്ടുള്ള കുട്ടികളോട് വിജയമല്ല പങ്കെടുക്കലാണ് പ്രധാനം എന്നും പരസ്പര ബഹുമാനവും സ്‌നേഹവും വേണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു . 63-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവ ഉദ് ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ചു കലാരൂപങ്ങള്‍ സ്‌കൂള്‍ കലോത്സവത്തിന്റെ മത്സര ഇനങ്ങളായി വേദിയിലെത്തുന്നു എന്ന പ്രത്യേകതയും ഈ കലോത്സവത്തിനുണ്ടെന്നും കേരളീയ സമൂഹത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഒരു രാഷ്ട്രീയ സന്ദേശം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.2016 നു ശേഷം തിരുവനന്തപുരത്ത് വീണ്ടുമെത്തിയ കലോത്സവം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.
ഫ്യൂഡല്‍ കാലഘട്ടത്തില്‍ വേരൂന്നിയ അസമത്വത്തിന്റെയും മുന്‍വിധികളുടെയും അടിത്തറ തകര്‍ത്ത നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികള്‍, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി തുടങ്ങിയ സാമൂഹിക പരിഷ്‌കര്‍ത്താക്കളെ വളര്‍ത്തിയെടുത്ത നാടാണ് തിരുവനന്തപുര. കുമാരനാശാന്‍, ഉള്ളൂര്‍ എസ്. പരമേശ്വര അയ്യര്‍ തുടങ്ങിയ സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പ്രഗത്ഭ കവികളുടെ ജന്മസ്ഥലം കൂടിയാണിത്.
കലാ സാംസ്‌കാരിക രംഗങ്ങളിലെ എണ്ണമറ്റ പ്രഗത്ഭരുടെ നാടാണ് തിരുവനന്തപുരം. സാമൂഹ്യ പരിഷ്‌കരണം, രാഷ്ട്രീയ പരിവര്‍ത്തനം, കലാപരമായ മികവ് എന്നിവയിലെ പുരോഗതിയുടെ ഉജ്ജ്വലമായ ചരിത്രമുള്ള തിരുവനന്തപുരം.കലാകേരളത്തിന്റെ ഭാവി അഭിലാഷങ്ങളെ ഉള്‍ക്കൊള്ളാന്‍ സജ്ജമാണ്.മത്സരാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും അനുഗമിക്കുന്ന അധ്യാപകരും ഉള്‍പ്പെടെ 25,000-ത്തിലധികം ആളുകള്‍ മത്സരവേദികളില്‍ ഉണ്ടാകും. കൂടാതെ, വിദ്യാര്‍ത്ഥികളും അധ്യാപകരും പൊതുജനങ്ങളും കാഴ്ചക്കാരായി പങ്കെടുക്കും. എന്‍ സി സി, എസ് പി സി എന്നിവയില്‍ നിന്ന് പ്രത്യേകം പരിശീലനം ലഭിച്ച രണ്ടായിരത്തി അഞ്ഞൂറോളം സന്നദ്ധപ്രവര്‍ത്തകരുടെ പിന്തുണ മേളയ്ക്ക് ഉണ്ടാകും. സര്‍ക്കാരിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്.
കേരള സ്‌കൂള്‍ കലോത്സവം കേരളത്തിന്റെ സംസ്‌കാരത്തിന്റെയും തനിമയുടെയും യഥാര്‍ത്ഥ ആഘോഷമാക്കി മാറ്റാം. ഇരുപത്തിയഞ്ച് മത്സര വേദികളാണ് ഉള്ളത്. കേരളത്തിലെ ഇരുപത്തിയഞ്ച് നദികളുടെ പേരാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിന് ഭാരതപ്പുഴ എന്നാണ് നല്‍കിയതെങ്കിലും എം.ടി. യുടെ വേര്‍പാടിന് ശേഷം എം.ടി. നിള എന്ന് മാറ്റി നിശ്ചയിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാള്‍ അറിയുന്ന എന്റെ നിളാ നദിയാണ് എനിക്കിഷ്ടം എന്ന എം ടി യുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് മന്ത്രി അധ്യക്ഷപ്രസംഗം അവസാനിപ്പിച്ചത്.