തിരുവനന്തപുരം :
സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന് ഏപ്രില്‍ 25ന് രാവിലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചിയില്‍ നിന്നും രാവിലെ എത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം വിവിധ പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും നിര്‍വഹിക്കും.
രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോ ആയ കൊച്ചിന്‍ വാട്ടര്‍ മെട്രോ അദ്ദേഹം ചടങ്ങില്‍ വച്ച് രാഷ്ട്രത്തിന് സമര്‍പ്പിക്കും. വൈദ്യുതീകരിച്ച ദിണ്ഡിഗല്‍ - പളനി - പാലക്കാട് സെക്ഷനും നാടിന് സമര്‍പ്പിക്കും. ചടങ്ങില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല - ശിവഗിരി സ്റ്റേഷനുകളുടെ പുനര്‍വികസനം, നേമവും കൊച്ചുവേളിയും ഉള്‍പ്പെടുന്ന തിരുവനന്തപുരം റെയില്‍വേ മേഖലയുടെ സമഗ്ര വികസനം, തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ ഭാഗത്തെ വേഗത വര്‍ദ്ധിപ്പിക്കല്‍ എന്നീ പദ്ധതിക്കള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്യും.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സംസ്ഥാന മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, ആന്റണിരാജു, ശ്രീ ഡോ. ശശിതരൂര്‍ എം. പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.