ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകരുന്ന 'സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ മെഡിസിന്‍ കൗണ്ടറുകള്‍' ആരംഭിച്ചു. നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കാരുണ്യ ഫാര്‍മസികളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മെഡിസിന്‍ കൗണ്ടറുകള്‍ കാന്‍സര്‍ രോഗബാധിതരായവര്‍ക്ക് പൊതുവിപണിയില്‍ ലഭിക്കുന്നതിനെ അപേക്ഷിച്ച് പരമാവധി വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കും.
ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഓരോ ജില്ലയിലേയും തെരഞ്ഞടുത്ത 14 കാരുണ്യ ഫാര്‍മസികെളെ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന എല്ലാ കാരുണ്യ ഫാര്‍മസികളിലുമായി 250 ഓളം ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകള്‍ ലഭ്യമാണ്. ഇവയെല്ലാം തന്നെ ഈ കൗണ്ടറുകളിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. 26 ശതമാനം മുതല്‍ 96 ശതമാനം വരെ വിലക്കുറവ് മരുന്നുകള്‍ക്കുണ്ടാവും.
അര്‍ബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകള്‍ ഇടനിലക്കാരില്ലാതെ രോഗികള്‍ക്ക് ലഭ്യമാകും എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. കാന്‍സര്‍ ചികിത്സാ ചെലവ് ചുരുക്കുന്നതില്‍ രാജ്യത്തിനാകെ മാതൃകയാകുന്ന ഒരു ചുവടുവെയ്പ്പായി ഇതു മാറും.