കൊച്ചി
അമ്മവേഷങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ മായാത്ത വാത്സല്യച്ചിരി സമ്മാനിച്ച പ്രിയ അഭിനേത്രി കവിയൂര്‍ പൊന്നമ്മ (79) വിടവാങ്ങി. അര്‍ബുദബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളി വൈകിട്ട് 5.33നായിരുന്നു അന്ത്യം. മൃതദേഹം ശനി രാവിലെ ഒമ്പതുമുതല്‍ 12 വരെ കളമശേരി മുനിസിപ്പല്‍ ടൗണ്‍ഹാളിലും നാലുവരെ ആലുവയിലെ ശ്രീപദം വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം.
പത്തനംതിട്ട ജില്ലയിലെ കവിയൂരില്‍ 1945 സെപ്തംബര്‍ 10നാണ് ജനനം. ടി പി ദാമോദരന്റെയും ഗൗരിയുടെയും ഏഴു മക്കളില്‍ മൂത്തയാള്‍. അഞ്ചാംവയസ്സുമുതല്‍ വിവിധ ഗുരുക്കന്മാര്‍ക്കുകീഴില്‍ സംഗീതമഭ്യസിച്ചു. പന്ത്രണ്ടാംവയസ്സില്‍ നാടകങ്ങളില്‍ പാടി. 1958ല്‍ പ്രതിഭ ആര്‍ട്സിനുവേണ്ടി തോപ്പില്‍ഭാസി സംവിധാനംചെയ്ത മൂലധനം നാടകത്തില്‍ പാടി അഭിനയിച്ച് അരങ്ങിലെത്തി. തുടര്‍ന്ന് സിനിമാരംഗത്തേക്ക്. 1962ല്‍ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകമാണ് ആദ്യചിത്രം. 2021ല്‍ പുറത്തിറങ്ങിയ 'ആണും പെണ്ണും' എന്ന സിനിമാസമാഹാരത്തിലെ 'റാണി'യാണ് അവസാനചിത്രം.
അമ്മവേഷമണിഞ്ഞ് 1964ല്‍ പുറത്തിറങ്ങിയ 'കുടുംബിനി'യാണ് മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ സിനിമ. ഓടയില്‍നിന്ന്, വെളുത്ത കത്രീന, ക്രോസ് ബെല്‍റ്റ്, ത്രിവേണി, കരകാണാക്കടല്‍, ചാമരം, നിര്‍മാല്യം, കൊടിയേറ്റം, തിങ്കളാഴ്ച നല്ല ദിവസം, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഹിസ് ഹൈനസ് അബ്ദുല്ല, കിരീടം, വാത്സല്യം, നന്ദനം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവിസ്മരണീയമായ വേഷങ്ങള്‍ ചെയ്തു. എഴുന്നൂറിലേറെ സിനിമകളിലും മുപ്പതോളം ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ടു.
നാലുതവണ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി. പരേതനായ മണിസ്വാമി (നിര്‍മാതാവ്)യാണ് ഭര്‍ത്താവ്. ഏകമകള്‍ ബിന്ദു അമേരിക്കയില്‍ സ്ഥിരതാമസം. മരുമകന്‍: പ്രൊഫ. വെങ്കിട്ടറാം (മിഷിഗണ്‍ സര്‍വകലാശാല, അമേരിക്ക). അന്തരിച്ച നടി കവിയൂര്‍ രേണുക സഹോദരിയാണ്. മറ്റു സഹോദരങ്ങള്‍: പരേതയായ ജഗദമ്മ, സരസമ്മ, ഗണേഷ്, സുരേഷ്, മനോജ്.