ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് വിഷ്ണു മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആചാര പെരുമയോടെ കൊടിയേറി.
തന്ത്രി തരണനല്ലൂര്‍ സജി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് കൊടിയേറ്റിയത്. രാവിലെ ശ്രീകോവിലിനുള്ളിലെ ആവാഹനം കഴിഞ്ഞ് തന്ത്രിക്കുപിന്നാലെ പെരിയനമ്പി കൊടിക്കൂറയും കൊടിക്കയറും കിഴക്കേനടയ്ക്കു പുറത്ത് കൊടിമരച്ചുവട്ടില്‍ എഴുന്നള്ളിച്ചു. പുണ്യാഹവും നാന്ദീമുഖം ദക്ഷിണയും കഴിഞ്ഞ് കൊടിയേറ്റ് നടന്നു.
തുടര്‍ന്ന് തിരുവാമ്പാടിയില്‍ തരണനല്ലൂര്‍ പദ്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ കൊടിയേറ്റി. രണ്ട് കൊടിക്കൂറകളിലും മധ്യത്തെ ഗരുഡരൂപം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ജീവനക്കാരനാണ് ആലേഖനംചെയ്തത്.
കൊടിയേറ്റത്തിനുള്ള കൊടിക്കയര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നു നേരത്തെ എത്തിച്ചിരുന്നു. കൊടിയേറ്റിനു ശേഷം ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ ബി.മഹേഷ് വാര്യമുറക്കാര്‍ക്കും ക്ഷേത്രകാര്യക്കാര്‍ക്കും ദക്ഷിണ നല്‍കി.
'എട്ടാം ഉത്സവദിവസമായ 8-ന് വൈകീട്ട് അഞ്ചിന് അമ്പലപ്പുഴക്കാരുടെ ആചാരപ്രകാരമുള്ള വേലകളി കിഴക്കേനടയില്‍ അരങ്ങേറും. രാത്രി 8.30-ന് ഉത്സവശീവേലിയില്‍ വലിയകാണിക്ക നടക്കും.
10 ന് രാത്രി സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിലെ വേട്ടക്കളത്തില്‍ പള്ളിവേട്ട നടക്കും. 11-നു വൈകീട്ട് ശംഖുംമുഖത്തേക്കുള്ള ആറാട്ട് എഴുന്നള്ളത്തിനും സമീപത്തെ മറ്റ് മൂന്നു ക്ഷേത്രങ്ങളില്‍നിന്നുള്ള കൂടിയാറാട്ടിനും ശേഷം ഉത്സവത്തിനു കൊടിയിറങ്ങും. 12 ന് നടക്കുന്ന ആറാട്ട് കലശത്തോടെ ഉത്സവം സമാപിക്കും.
മീനം തമിഴ് വര്‍ഷത്തിലെ പൈങ്കുനി മാസമായതിനാലാണ് ഉത്സവത്തിന് പൈങ്കുനി എന്ന് പേരുവന്നത്.
ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാള്‍ ആദിത്യവര്‍മ, കരമന ജയന്‍, വേലപ്പന്‍ നായര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി മഹേഷ്, മാനേജര്‍ ബി.ശ്രീകുമാര്‍ തുടങ്ങിയവര്‍ കൊടിയേറ്റ് ചടങ്ങിനു നേതൃത്വം നല്‍കി.'