തൊടുപുഴ
ജീവിതമാര്‍ഗമായിരുന്ന 13 പശുക്കളെ നഷ്ടമായ കുട്ടിക്കര്‍ഷകന്‍ മാത്യു ബെന്നിയെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ച് സര്‍ക്കാരും കേരളവും.മന്ത്രിമാരായ ജെ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും മൂലമറ്റത്തിനടുത്ത് വെള്ളിയാമറ്റത്തെ മാത്യു ബെന്നിയുടെ വീട്ടിലെത്തി അഞ്ചുപശുക്കളെ ഉടന്‍ നല്‍കുമെന്ന് ഉറപ്പു നല്‍കി. ' ആശങ്കയൊന്നും വേണ്ട, എല്ലാ സഹായവുമുണ്ടാകും. ഒരാഴ്ചയ്ക്കകം പശുക്കളെത്തും. ഒരുമാസത്തേക്കുള്ള കാലിത്തീറ്റയും നല്‍കും ' മന്ത്രിമാരുടെ വാക്കുകളില്‍ കുടുംബത്തിന്റെ വേദനയകന്നു.
ദുരിതങ്ങളില്‍ പരസ്പരം താങ്ങാകുന്ന മലയാളിയുടെ ഒരുമ തൊട്ടുപിന്നാലെ സഹായങ്ങളായി ഒഴുകിയെത്തി. നടന്‍ ജയറാം വീട്ടിലെത്തി കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറി. പുതിയ സിനിമ 'എബ്രഹാം ഓസ്‌ലര്‍' ഓഡിയോ, ട്രെയ്‌ലര്‍ ലോഞ്ചിങ് മാറ്റിവച്ചാണ് തുക കുടുംബത്തിന് നല്‍കുന്നത്. അണിയറപ്രവര്‍ത്തകരും ഒപ്പമുണ്ടായി. നടന്‍ മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥിരാജ് രണ്ടു ലക്ഷവും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രമുഖ വ്യവസായി എം എ യൂസഫലി 5 ലക്ഷം രൂപ നല്‍കുമെന്ന് കുടുംബത്തെ അറിയിച്ചു.
സാന്ത്വനമേകി മന്ത്രിമാര്‍
'തിരക്കിനിടയിലും എന്നെയും മക്കളെയും കാണാന്‍ വന്നല്ലോ...' തിരിച്ചിറങ്ങവേ മാത്യുവിന്റെ അമ്മ ഷൈനി മന്ത്രി ജെ ചിഞ്ചുറാണിയെ കെട്ടിപ്പിടിച്ച് വിതുമ്പി. ' ഈ സമയം നിങ്ങള്‍ക്കൊപ്പമല്ലേ നില്‍ക്കേണ്ടത് ', ഷൈനിയെ മന്ത്രി ആശ്വസിപ്പിച്ചു. ഈ ദുരന്തത്തെ മറികടക്കാനുള്ള എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി റോഷി അ?ഗസ്റ്റിനും ഉറപ്പുനല്‍കി.
രണ്ട് പശുക്കളെ സിപിഐ എം നല്‍കും
ഇടുക്കിയിലെ കുട്ടിക്കര്‍ഷകന് സഹായവുമായി സിപിഐ എം. കര്‍ഷകന്‍ മാത്യു ബെന്നിയേയും കുടുംബത്തേയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഫോണില്‍വിളിച്ച് ആശ്വസിപ്പിച്ചു. സിപിഐ എം രണ്ട് പശുക്കളെ നല്‍കുമെന്നും അദ്ദേഹം അവരെ അറിയിച്ചു.
കര്‍ഷകസംഘം
മാത്യു ബെന്നിക്ക് കേരള കര്‍ഷകസംഘം ഇടുക്കി ജില്ലാ കമ്മിറ്റിയും മൂലമറ്റം ഏരിയ കമ്മിറ്റിയും ഓരോ പശുവിനെ വാങ്ങി നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം വിജയകുമാറും സെക്രട്ടറി വത്സന്‍ പനോളിയും അറിയിച്ചു. മാത്യു ബെന്നിയെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരും മൃഗസംരക്ഷണവകുപ്പും എറണാകുളം മില്‍മയും നടപടി സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
അവശനിലയിലായിരുന്ന പശുക്കള്‍ സുഖം പ്രാപിക്കുന്നു
കപ്പത്തൊണ്ട് കഴിച്ച് നിരീക്ഷണത്തിലിരിക്കുന്ന പശുക്കള്‍ അപകടനില തരണം ചെയ്തതായി മൃ?ഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഒരു കറവപ്പശുവും രണ്ട് കിടാക്കളും രണ്ട് മൂരിയും നാല് കിടാങ്ങളുമാണ് ബാക്കിയുള്ളത്. ഇതില്‍ ശാരീരിക അവശത കാണിക്കുന്ന ഒരു കറവപശുവിനും കിടാവിനും ചികിത്സ തുടരുകയാണ്.
കിടാവിന്റെ കൈയിലെ ഞരമ്പിന് ബലക്ഷയമുണ്ട് (നെര്‍വ് പരാലിസിസ്). വിഷബാധയേറ്റ് വീണപ്പോള്‍ കൈ തുടര്‍ച്ചയായി നിലത്തടിച്ചപ്പോള്‍ പറ്റിയതാകാമെന്നാണ് നി?ഗമനം. തീറ്റയെടുക്കാന്‍ ബുദ്ധിമുട്ട് കാണിക്കുന്നവ ക്രമേണ പഴയ അവസ്ഥയിലേക്ക് തിരിച്ചുവരും. നിലവില്‍ വിഷാംശം ശരീരത്തില്‍ അവശേഷിക്കുന്നുണ്ട്.
മാത്യു ബെന്നിക്ക് മൃഗസംരക്ഷണ വകുപ്പ് പശുവളര്‍ത്തലില്‍ ശാസ്ത്രീയ പരിശീലനം നല്‍കും. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ജെസ്സി സി കാപ്പന്‍, പിആര്‍ഒ നിശാന്ത് എം പ്രഭ, ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. സാനി തോമസ്, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ. ബിജു ജെ ചെമ്പരത്തി, വെറ്ററിനറി സര്‍ജന്മാരായ ഡോ. കെ പി ഗദ്ദാഫി, ഡോ. പാര്‍വതി, എമര്‍ജന്‍സി വെറ്ററിനറി സര്‍ജന്മാരായ ആനന്ദ് യു കൃഷ്ണ, ഡോ. ടി പി ശരത്ത് എന്നിവര്‍ ചൊവ്വാഴ്ചയും സ്ഥലത്തെത്തി പശുക്കളുടെ ആരോ?ഗ്യകാര്യങ്ങള്‍ പരിശോധിച്ചു.