നെടുമങ്ങാട് ( തിരുവനന്തപുരം ) : കേരള വാട്ടര്‍ അതോറിറ്റിയുടെ നെടുമങ്ങാട് നഗര ശുദ്ധജല പദ്ധതിയുടെ വിപുലീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.
2021-22 ലെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 9.50 കോടി ചെലവഴിച്ചാണ് നെടുമങ്ങാട് നഗര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭാപരിധിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ ഉയര്‍ന്ന പ്രദേശങ്ങളില്‍ ശുദ്ധ ജലമെത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നഗരസഭയുടെ നിലവിലെ കുടിവെള്ള പദ്ധതിയെ നവീകരിച്ചുകൊണ്ടാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുക. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളത്തറ , ശീമമുള , ഉഴപ്പാക്കോണം പമ്പ്ഹൗസുകളില്‍ സ്ഥാപിച്ചിരിക്കുന്ന പഴയ പമ്പുകള്‍ മാറ്റിസ്ഥാപിക്കുകയും വൈദ്യുതി വിതരണ സംവിധാനങ്ങള്‍ വിപുലീകരിക്കുകയും ചെയ്യും.
പേരുമല ജല ശുദ്ധീകരണ ശാലയുടെ വിപുലീകരണവും നവീകരണവും നടത്തും. നഗരസഭ പ്രദേശത്തെ കാലഹരണപ്പെട്ട പൈപ്പുകള്‍ മുഴുവനും മാറ്റി പുതിയവ സ്ഥാപിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പൂവത്തൂര്‍, പേരയത്തുകോണം, പരിയാരം, കല്ലുവരമ്പ്, ഇരിഞ്ചയം, ചിറയാണി, പൂങ്കുംമൂട് തുടങ്ങിയ പ്രദേശങ്ങളിലെ രണ്ടായിരത്തിലധികം കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാകും.
ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ , നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ , സി. എസ്. ശ്രീജ, വൈസ് ചെയര്‍മാന്‍ എസ്. രവീന്ദ്രന്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, നഗരസഭ - ജല അതോറിറ്റി ഉദ്യോഗസ്ഥര്‍, സാമൂഹ്യ- രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.