തിരുവനന്തപുരം :
തലസ്ഥാനനഗരിയെ ഉത്സവപ്പറമ്പാക്കി സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിച്ച ഘോഷയാത്ര. ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചാണ് വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ടവരെ വര്‍ണശബളമായ ഘോഷയാത്ര നടന്നത്. കോവിഡ് കാലത്തിനുശേഷം ഒഴുകിയെത്തിയ പതിനായിരങ്ങള്‍ ആഘോഷത്തിന്റെ വീണ്ടെടുപ്പ് വിളിച്ചോതി. മാനവീയം വീഥിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഘോഷയാത്ര ഫ്‌ലാഗ്ഓഫ് ചെയ്തു. ചടങ്ങില്‍ മന്ത്രിമാരും പങ്കെടുത്തു.
76 ഫ്ളോട്ടും 77 കലാരൂപങ്ങളും അണിനിരന്നു. രാജ്യത്തിന്റെയും കേരളത്തിന്റെയും വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക തനിമ വിളിച്ചോതിയ നിശ്ചലദൃശ്യങ്ങള്‍ക്കും കലാരൂപങ്ങള്‍ക്കും ഒപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷപ്പൊലിമയ്ക്ക് മിഴിവേകി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങളിലായാണ് ഫ്ളോട്ടുകള്‍ അവതരിപ്പിച്ചത്. ജമ്മു കശ്മീര്‍, പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, കര്‍ണാടക, ഹരിയാന, അസം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള കലാരൂപങ്ങളുമുണ്ടായി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള ആയിരത്തിലധികം കലാകാരന്മാരും ഘോഷയാത്രയില്‍ പങ്കാളികളായി.