തിരുവനന്തപുരം : അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ആരംഭിച്ചു. ഒമ്പത് മണിക്കാണ് ബജറ്റ് ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതികാര നടപടികള്‍മൂലം കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്ന ഘട്ടത്തിലാണ് ഈ വര്‍ഷത്തെ ബജറ്റ്.
ഈ വര്‍ഷംമാത്രം 57,000 കോടി രൂപയുടെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും കേരളത്തെ പൂര്‍ണമായും തഴഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കിടയിലും സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കാനും സംസ്ഥാനത്തെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാനുമുള്ള ഇടപെടല്‍ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. ജനങ്ങളുടെമേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കാതെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.
ബജറ്റില്‍ എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റ് അവതരണത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാര്‍ ആശങ്കപ്പെടേണ്ട ബജറ്റ് ആയിരിക്കില്ല.പ്രയാസങ്ങളെ മറികടക്കാന്‍ ഉള്ള ശ്രമം ഉണ്ടെന്നും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ട് സ്വാഭാവികമായിട്ട് ഉണ്ടായതല്ല, കേന്ദ്രത്തിന്റെ നിലപാട് മൂലം ഉണ്ടായതാണ്. കെപിസിസിയുടെ കഴിഞ്ഞ ദിവസത്തെ പരിപാടിയില്‍ എഐസിസി പ്രസിഡന്റ് തന്നെ അക്കാര്യം വ്യക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.